auto
auto

കരുനാഗപ്പള്ളി: ദേശീയപാത വികസനം നടക്കുമ്പോൾ ഏറെ ആശങ്കയിലായിരിക്കുകയാണ് ഓട്ടോ,ടാക്സി തൊഴിലാളികൾ. ഇതുവരെ ഓട്ടമോടിക്കൊണ്ടിരുന്ന സ്റ്റാൻഡുകൾ നഷ്ടപ്പെടുന്നതാണ് ഇവരുടെ ആശങ്കയ്ക്ക് കാരണം. ഓച്ചിറ മുതൽ കന്നേറ്റി വരെയുുള്ള 2000 ത്തോളം ഓട്ടോ- ടാക്സി തൊഴിലാളികൾക്ക് അവരുടെ പഴയ സ്റ്റാൻഡുകൾ നഷ്ടമാകും. ഇവരെ പുനരധിവസിപ്പിക്കുന്നതിനുള്ള ഒരു നടപടിയും ഇതുവരെ ആരംഭിച്ചിട്ടില്ല.

പഞ്ചായത്തുകളും നഗരസഭയും ഇടപെടണം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ട്രാഫിക് അഡ്വൈസറി കമ്മിറ്റിയുമാണ് സ്റ്രാൻഡിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ഓച്ചിറ, കുലശേഖരപുരം, തഴവ ഗ്രാമപഞ്ചായത്തുകളും കരുനാഗപ്പള്ളി നഗരസഭയുമാണ് കരുനാഗപ്പള്ളിയിൽ ദേശീയപാതയുടെ പരിധിയിൽ വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. ട്രാഫിക് അഡ്വൈസറി ബോർഡ് കൂടി സ്റ്റാൻഡിന്റെ കാര്യത്തിൽ തീരുമാനമെടുത്ത് തദ്ദേശ ഭരണ സമിതിക്ക് നൽകണം. നഗരസഭ കൗൺസിലും ഗ്രാമപഞ്ചായത്തുകളും ഇതിനായി പ്രത്യേക തീരുമാനമെടുത്ത് ജില്ലാ കളക്ടർക്ക് നൽകണം. തുടർന്ന് ജില്ലാ കളക്ടർ ആർ.ടി.ഒ കമ്മിറ്റി വിളിച്ച് ചേർത്ത് ഓട്ടോ, ടാക്സി സ്റ്റാൻഡുകളെ കുറിച്ച് തീരുമാനിക്കും. ഈ നടപടി ക്രമങ്ങൾ പൂർത്തിയാകണമെങ്കിൽ മാസങ്ങൾ വേണ്ടി വരുമെന്നാണ് തൊഴിലാളികൾ പറയുന്നത്.

നടപടി വേഗത്തിലാക്കണം
ഓച്ചിറ മുതൽ കന്നേറ്റി വരെ നിലവിൽ 18 ഓട്ടോ, ടാക്സി സ്റ്റാൻഡുകളാണുള്ളത്. ദേശീയപാതയുടെ നിർമ്മാണം പുരോഗമിക്കുന്നതോടെ ഈ തൊഴിലാളികളെല്ലാവരും തന്നെ ഓട്ടായിടാൻ സ്റ്റാൻഡ് ഇല്ലാതെ ബുദ്ധിമുട്ടിലാകും. നാല് വരി ദേശീയപാതയും സർവീസ് റോഡുകളും വരുന്നതോടെ വശങ്ങളിൽ സ്ഥലപരിമിതി ഉണ്ടാകും. ദേശീയപാതയുടെ നിർമ്മാണം പുരോഗമിക്കുന്ന മുറക്ക് ഓട്ടോ, ടാക്സി തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.