
കളക്ടറേറ്റിൽ ഇന്ന് സംയുക്ത യോഗം
കൊല്ലം: കല്ലിടലിന് പകരം ജിയോ ടാഗിംഗ് സംവിധാനം ഉപയോഗിച്ച് സിൽവർലൈൻ പാതയുടെ അതിർത്തികൾ കണ്ടെത്തി സാമൂഹ്യാഘാത പഠനം ജില്ലയിൽ പുനരാരംഭിക്കാൻ ആലോചന.
കെ - റെയിൽ ഉദ്യോഗസ്ഥരുടെയും സ്ഥലമേറ്റെടുപ്പ് വിഭാഗത്തിന്റെയും സാമൂഹ്യാഘാത പഠനം നടത്തുന്ന ഏജൻസിയുടെയും സംയുക്ത യോഗം ഇന്ന് കളക്ടറേറ്റിൽ നടക്കും. ജി.പി.എസ് സാങ്കേതിക വിദ്യ ഉപയോഗിച്ചാകും ജിയോ ടാംഗിംഗ് നടത്തുക. കെ - റെയിൽ മൊബൈൽ ആപ്പ് ഉപയോഗിച്ച് സാമൂഹ്യാഘാത പഠനസംഘം സ്ഥലങ്ങൾ തിരിച്ചറിഞ്ഞ് വിവരശേഖരണം നടത്തും.
മറ്റ് പ്രദേശങ്ങളിലേത് പോലെ കല്ലിടലിനെതിരെയാണ് ജില്ലയിലും പ്രതിഷേധം. സാമൂഹ്യാഘാത പഠനത്തിന് എതിർപ്പില്ല. കല്ലിടലിനെ എതിർത്തവരും സാമൂഹ്യാഘാത പഠനസംഘത്തോട് സഹകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ജിയോ ടാഗിംഗ് സംവിധാനം ഉപയോഗിച്ച് അതിവേഗം ജില്ലയിലെ പഠനം പൂർത്തിയാക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.
ഇതുവരെ കല്ലിട്ട ആദിച്ചനല്ലൂർ, മീനാട്, ചാത്തന്നൂർ, ചിറക്കര, കല്ലുവാതുക്കൽ പഞ്ചായത്തുകളിലെ സാമൂഹ്യ പ്രത്യാഘാത പഠനം മാത്രമാണ് നടന്നത്.
പഠനത്തോട് സഹകരിച്ച് ജനങ്ങൾ
1. ജില്ലയിൽ സിൽവർലൈൻ കടന്നുപോകുന്നത് 15 പഞ്ചായത്തുകളിലൂടെ
2. ഇതുവരെ വിവരങ്ങൾ ശേഖരിച്ചത് അഞ്ച് പഞ്ചായത്തുകളിലെ 1300 ഭൂവുടമകളിൽ നിന്ന്
3. സാമൂഹ്യാഘാത പഠനത്തോട് ജനങ്ങൾ സഹകരിക്കുന്നു
4. സർവേ നടന്ന 1300 ഭൂമികളിൽ എട്ട് ശതമാനം വീടുകൾ നഷ്ടമാകും
5. മാർച്ച് 30ന് തഴുത്തലയിലാണ് അതിർത്തി കല്ലിടൽ നിറുത്തിവച്ചത്
പഠനം പൂർത്തിയായത് (ശതമാനത്തിൽ)
തിരുവനന്തപുരം: 12
കൊല്ലം: 30
കണ്ണൂർ: 65
കാസർകോട്: 95
പരിസ്ഥിതി പ്രശ്നങ്ങൾ, നഷ്ടമാകുന്ന വീടുകൾ, മറ്റ് കെട്ടിടങ്ങൾ, പാത കടന്നുപോകുന്നതിന് പുറമേ ബഫർ സോണിൽ ഉൾപ്പെട്ട് ഉപയോഗ ശൂന്യമാകുന്ന ഭൂമി, ആഘാതങ്ങൾ കുറയ്ക്കാനുള്ള വിവിധ മാർഗങ്ങൾ എന്നിവ സംബന്ധിച്ചാണ് പഠനം.
സാമൂഹ്യാഘാത പഠനസംഘം