പരവൂർ: ഗുരുവായൂർ-ചെന്നൈ എഗ്മൂർ എക്സ് പ്രസ്, മംഗലാപുരം-തിരുവനന്തപുരം എക്സ് പ്രസ് ട്രെയിനുകൾക്ക് പരവൂർ റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്ന സ്റ്റോപ്പ് പുന:സ്ഥാപിക്കണമെന്ന് സി.പി.എം ചാത്തന്നൂർ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. ഗുരുവായൂരിലേക്കും പാരിപ്പള്ളി മെഡി. ആശുപത്രിയിലേക്കുമുള്ള യാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് ആശ്വാസമായിരുന്ന ട്രെയിനാണ് മംഗലാപുരം-തിരുവനന്തപുരം എക്സ് പ്രസ്. കൊവിഡിന്റെ സമയത്തു തിരുവനന്തപുരം-കൊല്ലം റൂട്ടിൽ നിറുത്തലാക്കിയ സ്റ്റോപ്പുകളിൽ പലതും പുന:സ്ഥാപിച്ചിട്ടില്ല. രാത്രിയിൽ പരവൂരിലെ രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ ഇറങ്ങുന്ന യാത്രക്കാർ ഇരുട്ടിൽ തപ്പേണ്ട അവസ്ഥയാണ്. റെയിൽവേ സ്റ്റേഷനിൽ കാന്റീൻ സൗകര്യം അവസാനിച്ചിട്ട് മാസങ്ങളായി. പരവൂർ റയിൽവേ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിച്ചില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നു ഏരിയ സെക്രട്ടറി കെ. സേതുമാധവൻ പ്രസ്താവനയിൽ പറഞ്ഞു.