കൊല്ലം: വീട്ടിലേക്ക് മടങ്ങുന്നതിടെ വ്യാപാരിയെ തടഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ച് കവർച്ചനടത്തിയ സംഘത്തിലെ രണ്ടുപേർ പിടിയിൽ. കിളികൊല്ലൂർ കാട്ടുംപുറത്ത് വീട്ടിൽ നിന്ന് ഇരവിപുരം വലിയവിള സുനാമി ഫ്ലാറ്റ് ബ്ലോക്ക് നം. 14ൽ വാടകയ്ക്ക് താമസിക്കുന്ന ദിനേശ് (വാവാച്ചി, 39), കൊല്ലം വെസ്​റ്റ് വില്ലേജിൽ ജോനകപ്പുറം വാർഡിൽ ആറ്റുകാൽ പുരയിടത്തിൽ നിന്ന് കൊച്ചുപള്ളിക്ക് സമീപം കോയിവീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അക്ബർ ഷാ (അക്കു,26) എന്നിവരാണ് കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്.

3ന് പുലർച്ചെ 3ഓടെ ചാത്തിനാംകുളത്തിന് സമീപമായിരുന്നു സംഭവം. മൂന്നാംകു​റ്റി ജംഗ്ഷനിലെ ജ്യൂസ് സ്റ്റാൾ അടച്ച ശേഷം വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. 70,000 രൂപയും 25,000 രൂപ വിലയുള്ള മൊബൈൽ ഫോണും കവർന്നു. രണ്ട് ഇരുചക്രവാഹനങ്ങളിലെത്തിയ സംഘം മുഖംമൂടിയും മാസ്‌കും ധരിച്ചിരുന്നു. അമ്പതോളം സി.സി ടി.വി കാമറകളും റോഡ് സുരക്ഷാ കാമറകളും പരിശോധിച്ചാണ് അക്രമി സംഘത്തെ തിരിച്ചറിഞ്ഞത്. സി​റ്റി പൊലീസ് കമ്മിഷണർ ടി. നാരായണന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ അന്വേഷണ സംഘവും കിളികൊല്ലൂർ പൊലീസും സംയുക്തമായാണ് അന്വേഷണം നടത്തിയത്. ദിനേശ് കാപ്പാ നിയമപ്രകാരം ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്.