photo
കൊട്ടാരക്കര നഗരസഭ സ്ഥാപിച്ച തുമ്പൂർമുഴികൾ

കൊട്ടാരക്കര: മാലിന്യ സംസ്കരണത്തിന് തുമ്പൂർമുഴികൾ (എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ്) സ്ഥാപിക്കാൻ നഗരസഭ ചെലവിട്ട ലക്ഷങ്ങൾ പാഴായി. തുമ്പൂ‌ർ മുഴികൾ പലതും നോക്കുകുത്തിയായിട്ടും അധികൃതർ കണ്ണടയ്ക്കുന്നു. കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷൻ, വിദ്യാഭ്യാസ കേന്ദ്രങ്ങൾ, റോഡ് വശങ്ങൾ മറ്റ് പൊതു ഇടങ്ങൾ തുടങ്ങി മിക്കയിടത്തും തുമ്പൂമുഴികൾ സ്ഥാപിച്ചിരുന്നു. 2018, 19, 20 കാലയളവിലാണ് കൂടുതൽ തുമ്പൂർ മുഴികൾ പട്ടണത്തിൽ ഇടംനേടിയത്. എന്നാൽ ഇതിലൊന്നും മാലിന്യങ്ങൾ നിക്ഷേപിക്കാൻ സംവിധാനമായിട്ടില്ല. പലയിടത്തും തുമ്പൂർമുഴിയ്ക്ക് മുന്നിലായിട്ടാണ് മാലിന്യം തള്ളുന്നത്.

ബോധവത്കരണം നടന്നില്ല

തുമ്പൂർമുഴികൾ സ്ഥാപിച്ചതു തന്നെ പൊതു ഇടങ്ങളിലും റോഡുവക്കിലുമൊക്കെ മാലിന്യം വലിച്ചെറിയുന്ന ശീലം മാറ്റാനാണ്. ഇതിനുള്ളിൽ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ കാമ്പോസ്റ്റാക്കി വളത്തിനായി ഉപയോഗിക്കുന്ന തരത്തിലാണ് പദ്ധതിയിട്ടത്. പൊതു നിരത്തുകളിലും മറ്റും വലിച്ചെറിയുന്ന രീതി മാറുകയും തെരുവ് നായ്കളും മറ്റും വലിച്ചെടുക്കുന്നതിന് തടയിടുമെന്നും പ്രതീക്ഷിച്ചു. എന്നാൽ തുമ്പൂർമുഴിയിൽ മാലിന്യം നിക്ഷേപിക്കുന്ന രീതി പൊതു സമൂഹത്തെ പഠിപ്പിക്കാൻ അധികൃതർ തയ്യാറായില്ല. ശുചിത്വ മിഷനടക്കം നിരവധി കാമ്പയിനുകൾ ഏറ്റെടുക്കാറുണ്ടെങ്കിലും വിദ്യാലയങ്ങളിൽപോലും ബോധവത്കരണം നടന്നില്ല. ഇതുമൂലം തുമ്പൂർമുഴിയിൽ മാലിന്യം നിക്ഷേപിക്കുന്നത് തെറ്റാണെന്നാണ് പൊതുധാരണ. ചന്തയിൽ സ്ഥാപിച്ചതിൽ ചന്തയ്ക്കുള്ളിലെ മാലിന്യം നിക്ഷേപിക്കാറുണ്ട്. മറ്റൊരിടത്തുപോലും തുമ്പൂർമുഴി കാര്യക്ഷമമായതുമില്ല.

മെറ്റീരിയൽ കളക്ഷൻ സെന്ററും

കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ കവലയിലും നഗരസഭ ഓഫീസിന് സമീപവും മാലിന്യ മെറ്റീരിയൽ കളക്ഷൻ സെന്റർ സ്ഥാപിച്ചതും നോക്കുകുത്തിയാവുകയാണ്. പ്ളാസ്റ്റിക് മാലിന്യം, ജൈവ മാലിന്യം എന്നിവയൊക്കെ തരംതിരിക്കാനാണ് ലക്ഷ്യമിട്ടത്. ഹരിത കർമ്മ സേന പ്രവർത്തകർ സജീവമായതിനാലാണ് പലയിടത്തും മാലിന്യത്തിന്റെ ബുദ്ധിമുട്ട് ഉണ്ടാകാത്തത്.