ചിന്തയിലെത്തുന്ന വലിയ ആശയങ്ങളെ സാക്ഷാത്കരിക്കാൻ കഠിന പരിശ്രമം നടത്തുന്ന കർമ്മയോഗിയെയാണ് ഞാൻ കെ.എൻ.സത്യപാലനിൽ കണ്ടത്. സാധാരണക്കാരനുവേണ്ടിയാണ് അദ്ദേഹത്തിന്റെ പ്രവർത്തനമെന്നതാണ് മറ്റൊരു സവിശേഷത. എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയന്റെ പ്രസിഡന്റായിരിക്കെ നെടുവത്തൂർ ശാഖയിൽ സംഘടിപ്പിച്ച ഒരു യോഗത്തിൽ അദ്ദേഹമെത്തിയപ്പോഴാണ് ഞാൻ പരിചയപ്പെട്ടത്. ആദ്യ ദിനത്തിൽത്തന്നെ അദ്ദേഹത്തിലെ നന്മ എനിയ്ക്ക് ബോദ്ധ്യപ്പെട്ടു. പിന്നെ ആ സൗഹൃദബന്ധം വളർന്നു. വിദ്യാഭ്യാസ പരമായി കൂടുതൽ അറിയാനാണ് അദ്ദേഹം താത്പര്യപ്പെട്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ ഞാൻ സ്നേഹോപദേശം നൽകിയപ്പോൾ അദ്ദേഹം അത് ഉൾക്കൊണ്ടു. തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജിൽ പ്രൊഫസറായിരിക്കെ നാട്ടിൽ എനിയ്ക്ക് വലിയ സൗഹൃദങ്ങളില്ല. മിക്കപ്പോഴും സത്യപാലനുമായി ടെലിഫോണിൽ സംസാരിക്കും. തിരുവനന്തപുരത്ത് വരുമ്പോഴെല്ലാം നേരിൽ കണ്ടിട്ടേ മടങ്ങാറുള്ളൂ.
കൊട്ടാരക്കര കടയ്ക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജ് തുടങ്ങുന്നതിനെപ്പറ്റി കെ.എൻ.സത്യപാലൻ അഭിപ്രായം ചോദിച്ചപ്പോൾ പ്രോത്സാഹിപ്പിച്ചു. അപേക്ഷ നൽകി, സിൻഡിക്കേറ്റ് അംഗങ്ങൾക്ക് പരിശോധനയ്ക്ക് വരുന്ന സമയത്ത് എന്നെയും വിളിച്ചു. മുൻ മന്ത്രി ജി.സുധാകരനും കെ.വി.ദേവദാസുമടക്കമുള്ള സിൻഡിക്കേറ്റ് അംഗങ്ങളാണ് അന്ന് വന്നത്. എനിയ്ക്ക് പരിചയമുള്ളവരായതിനാൽ നടപടിക്രമങ്ങൾ വേഗത്തിലാക്കി. കേരള സർവകലാശാല തീരുമാനമെടുക്കേണ്ട ഘട്ടമെത്തിയപ്പോഴേക്കും ഞാൻ വൈസ് ചാൻസിലറായി. കെ.എൻ.സത്യപാലന് കോളേജ് അനുവദിക്കുന്നതിനോട് ഒരു ലോബി ശക്തമായ എതിർപ്പ് കാട്ടിയിരുന്നു. സിൻഡിക്കേറ്റിലും വലിയ ചർച്ചയ്ക്ക് ഇടയാക്കി. ഒടുവിൽ തീരുമാനമെടുക്കാൻ ഭൂരിപക്ഷം തെളിയിക്കാൻ വോട്ടിംഗ് വേണ്ടിവന്നു. സിൻഡിക്കേറ്റ് അംഗമെന്ന നിലയിൽ എന്റെ വോട്ടുകൂടി ഇട്ടിട്ടും ഇരുപക്ഷത്തിനും തുല്യ വോട്ട് ലഭിച്ചു. വൈസ് ചാൻസിലർക്ക് കാസ്റ്റിംഗ് വോട്ട് ചെയ്യാമെന്ന അവകാശംകൂടി ഞാൻ ഉപയോഗിച്ച് അനുകൂല തീരുമാനമെടുപ്പിച്ചു. എന്നാൽ അന്നത്തെ നായനാർ സർക്കാർ സ്വകാര്യ മേഖലയ്ക്ക് കോളേജ് അനുവദിക്കേണ്ടെന്ന് പൊതു തീരുമാനമെടുത്തതിനാൽ കോളേജ് തുടങ്ങാനായില്ല.
ബി.ജെ.പി നേതാവ് എൽ.കെ.അദ്വാനി ഒരിക്കൽ എന്നെ കാണണമെന്ന് അറിയിച്ചു. അവിടെയെത്തിയപ്പോഴാണ് കെ.എൻ.സത്യപാലൻ പറഞ്ഞ പ്രകാരമാണ് എന്നെക്കുറിച്ച് അദ്ദേഹം അറിഞ്ഞതെന്ന സത്യം ബോദ്ധ്യപ്പെട്ടത്. യു.ഡി.എഫ് കൺവീനറായിരുന്ന ശങ്കര നാരായണനും ഇതേ തരത്തിൽ വിളിപ്പിച്ച് പരിചയപ്പെട്ടിരുന്നു. എന്നെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തുന്നതിനും വളർച്ചയ്ക്ക് പ്രോത്സാഹിപ്പിക്കുന്നതിനും സത്യപാലൻ വലിയ താത്പര്യമെടുത്തിരുന്നു. നാല് യൂണിവേഴ്സിറ്റികളിൽ വൈസ് ചാൻസിലറായിട്ടും തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റായും പ്രവർത്തിക്കാൻ എനിയ്ക്ക് നിയോഗം ലഭിച്ചു. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം നല്ല സുഹൃത്തായി കെ.എൻ.സത്യപാലനുണ്ടായിരുന്നുവെന്നത് പറയാതെവയ്യ. അദ്ദേഹത്തിന്റെ വിയോഗം നാടിന് വലിയ നഷ്ടമായിരുന്നു, എനിയ്ക്ക് സ്വകാര്യ നഷ്ടവും.
പ്രൊഫ.എൻ.ബാബു
മുൻ പ്രസിഡന്റ്, തിരുവിതാംകൂർ ദേവസ്വംബോർഡ്