കൊല്ലം: മാലിന്യം സംസ്കരിക്കാൻ കേന്ദ്രീകൃതവും വിപുലവുമായ സംവിധാനം ഇല്ലാത്തതാണ് നഗരത്തെ വലയ്ക്കുന്നത്. 10 വർഷം മുൻപ് കുരീപ്പുഴയിൽ സ്ഥാപിച്ച മാലിന്യ സംസ്കരണ കേന്ദ്രം ഭരണ സംവിധാനത്തിന്റെ പിടിപ്പുകേടും ജനങ്ങളുടെ എതിർപ്പും കാരണം ഒരു ദിവസം പോലും പ്രവർത്തിച്ചില്ല.
വലിയ പദ്ധതികൾ നടക്കാതെ വന്നപ്പോൾ ഉറവിട സംസ്കരണം മാത്രമായി ആശ്രയം. അതിനായി കോടികൾ ചെലവഴിച്ചെങ്കിലും മാലിന്യനീക്കം വിജയകരമായില്ല. സംസ്കരണം ഫലപ്രദമാകാതെ വന്നപ്പോൾ പൊതു ഇടങ്ങളും കായലും മാലിന്യത്താൽ നിറഞ്ഞു. നഗരത്തിലെ മാലിന്യ സംസ്കരണത്തിന് മികച്ച പദ്ധതികൾ തേടി കോർപ്പറേഷൻ പ്രതിനിധികൾ നിരവധി സ്ഥലങ്ങൾ സന്ദർശിച്ചു. അങ്ങനെയാണ് 2008ൽ 10 കോടി ചെലവഴിച്ച് കുരീപ്പുഴയിൽ പ്ളാന്റ് സ്ഥാപിച്ചത്. പക്ഷേ, പ്ളാന്റിന് ഒരു ദിവസത്തെ ആയുസ് പോലും ഉണ്ടായില്ല. പ്ളാന്റ് കൂടാതെ 1.14 കോടി ചെലവിൽ 54 പിക്കപ്പ് ഓട്ടോകളും വാങ്ങി. പ്ളാന്റ് പ്രവർത്തിക്കാതായപ്പോൾ ഓട്ടോകൾ തുരുമ്പെടുത്ത് നശിച്ചു. വർഷങ്ങളായി നഗരത്തിലെ മാലിന്യങ്ങൾ തള്ളിയിരുന്ന കുരീപ്പുഴയിലാണ് പ്ളാന്റ് സ്ഥാപിച്ചത്. 2010ൽ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഉദ്ഘാടനം നിർവഹിച്ചതൊഴിച്ചാൽ പ്രവർത്തനം മുന്നോട്ടു നീങ്ങിയില്ല.
മലിനജലം സംസ്കരിച്ച് അഷ്ടമുടി കായലിലേക്ക് ഒഴുക്കാനുള്ള സൗകര്യം ചെയ്യാതിരുന്നതിനാൽ ജനങ്ങൾ പ്രക്ഷോഭവുമായി രംഗത്തെത്തി. ഇതോടെ പ്ളാന്റ് എന്നന്നേക്കുമായി അടഞ്ഞു. വർഷങ്ങളോളം തള്ളിയ മാലിന്യം സംസ്കരിക്കാൻ കഴിയാതെ വരികയും പുതുതായി കൂടുതൽ മാലിന്യം എത്തുകയും ചെയ്തതോടെ ഒരു ലക്ഷം ഘന മീറ്ററിൽ കൂടുതലായി മാലിന്യ ശേഖരം. ജനങ്ങളുടെ എതിർപ്പും ഹരിത ട്രൈബ്യൂണൽ ഇടപെടലും മൂലം ബയോ മൈനിംഗിലൂടെ മാലിന്യം നീക്കുന്ന ജോലികൾ ഏതാണ്ട് അവസാന ഘട്ടത്തിലാണ്.
പ്രതീക്ഷ 'വേസ്റ്റ് ടു എനർജി'യിൽ
ബയോ മൈനിംഗിലൂടെ പൂർവസ്ഥിതി വീണ്ടെടുക്കുന്ന ഭൂമിയിൽ സംസ്ഥാന സർക്കാരിന്റെ വേസ്റ്റ് ടു എനർജി പദ്ധതി ആരംഭിക്കാനുളള ചർച്ചകൾ സജീവമായിട്ടുണ്ട്. കെ.എസ്.ഐ.ഡി.സി വഴിയാണ് നടപ്പാക്കുന്നത്. ഭൂമി ലഭ്യമാക്കണമെന്നു മാത്രം. 16 ഏക്കറോളം ഭൂമി കോർപ്പറേഷന്റെ അധീനതയിലുണ്ട്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന സീവേജ് ട്രീറ്റ്മെന്റ് പ്ളാന്റുകൂടി യാഥാർത്ഥ്യമായാൽ നഗരത്തിലെ മാലിന്യം പ്രശ്നത്തിന് ശാശ്വത പരിഹാരമാവും.