trade-union-
ആവണീശ്വരം എഫ്.സി.ഐ.യുടെ ഗേറ്റിന് മുന്നിൽ സംയുക്ത ചുമട്ട് തൊഴിലാളി യൂണിയൻ്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചപ്പോൾ

കുന്നിക്കോട് : ആവണീശ്വരം എഫ്.സി.ഐ ഗോഡൗണിൽ നിന്ന് ഗോതമ്പ് കയറ്റാൻ വന്ന ലോറി 'വിട്ടെടുപ്പ് കൂലി' ആവശ്യപ്പെട്ട് കരാർ ചുമട്ട് തൊഴിലാളി സംയുക്ത യൂണിയന്റെ നേതൃത്വത്തിൽ തടഞ്ഞു.

പൊടിപ്പ് മിൽ നടത്തിപ്പുകാരുടെ ലോറിയാണ് ഗോഡൗണിന്റെ ഗേറ്റിന് മുന്നിൽ തടഞ്ഞത്. എഫ്.സി.ഐയുടെ കരുനാഗപ്പള്ളിയിലെ ഗോഡൗണിൽ സ്റ്റോക്ക് ഇല്ലാതെ വന്നതോടെയാണ് ആവണീശ്വരത്തെ ഗോഡൗണിൽ നിന്ന് ഗോതമ്പ് എടുക്കാൻ എത്തിയത്.

വിട്ടെടുപ്പ് കൂലിയായി 1250 രൂപയാണ് 10 ടൺ വരുന്ന ഒരു ലോഡിന് തൊഴിലാളി യൂണിയൻ ആവശ്യപ്പെടുന്നത്.

പ്രശ്നപരിഹാരത്തിന് ചർച്ച

കുന്നിക്കോട് പൊലീസ് സ്ഥലത്തെത്തി തൊഴിലാളികളെയും എഫ്.സി.ഐ അധികൃതരെയും മിൽ ഉടമയെയും തൊഴിൽ കരാറുകാരനെയും ചർച്ചയ്ക്ക് വിളിച്ചു. ലോറി തടയില്ലെന്നും വിട്ടെടുപ്പ് കൂലി ലഭിച്ചാൽ മാത്രമേ ലോറിയിൽ ലോഡ് കയറ്റുകയുള്ളൂവെന്നും തൊഴിലാളി യൂണിയൻ നേതാവ് അറിയിച്ചു. കൂടാതെ കൂലി ലഭിക്കാതെ ലോറിയിൽ ചരക്ക് കയറ്റിയില്ലെങ്കിൽപ്പോലും ലോറി വാടകയും ഡ്രൈവറുടെ ബാറ്റയും നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

തൊഴിലാളി യൂണിയന്റെ ആവശ്യം തെറ്റാണ്. സർക്കാർ ഭക്ഷ്യ വകുപ്പ് ഇറക്കിയ ചട്ടപ്രകാരം 'അട്ടിക്കൂലി' നിയമ വിരുദ്ധമാണ് അത് ഒരു കാരണവശാലും നൽകാൻ പാടില്ലാത്തതുമാണ്.

മിൽ ഉടമകൾ

സ്വകാര്യ സ്ഥാപനമായതിനാൽ വല്ലപ്പോഴുമൊരിക്കലാണ് ലോഡ് കയറ്റാൻ വരുന്നത്. കരാർ തൊഴിലാളികളായതിനാൽ മറ്റ് ആനുകൂല്യങ്ങൾ ലഭിക്കില്ല. അതാണ് വിട്ടെടുപ്പ് കൂലി ആവശ്യപ്പെടുന്നത്. കരുനാഗപ്പള്ളി ഗോഡൗണിലെ തൊഴിലാളികൾക്ക് വിട്ടെടുപ്പ് കൂലി ലഭിക്കുന്നുണ്ട്. എല്ലായിടത്തും സർവ്വ സാധാരണമാണ്.

യൂണിയൻ അംഗങ്ങൾ