sam
പിറവന്തൂർ പഞ്ചായത്തിലെ കുര്യോ ട്ടുമല ട്രൈബൽ കോളനിയിൽ ജില്ലാ പഞ്ചായത്ത്‌ സാ ഫല്യം പദ്ധതിയിൽ നിർർമ്മിച്ചു നൽകിയ വീടുകളുടെ താക്കോൽ ദാനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാം. കെ. ഡാനിയേൽ നിർവഹിക്കുന്നു.

കൊല്ലം: പട്ടികവർഗ മേഖലയിൽ നടപ്പാക്കുന്ന സാഫല്യം ഭവന പദ്ധതിയുടെ മാതൃകയിൽ അതിദരിദ്രർക്ക് വീട് നിർമ്മിച്ച് നൽകുന്ന പദ്ധതി ജില്ലാ പഞ്ചായത്ത് നടപ്പാക്കുമെന്ന് പ്രസിഡന്റ് സാം.കെ. ഡാനിയേൽ. സാഫല്യം പദ്ധതി പ്രകാരം പിറവന്തൂർ ഗ്രാമപഞ്ചായത്തിലെ കുരിയോട്ടുമല ട്രൈബൽ കോളനിയിൽ നിർമ്മിച്ച അഞ്ചു വീടുകളുടെ താക്കോൽ ദാനം നിർവഹിക്കുകയായിരുന്നു പ്രസിഡന്റ്. വൈസ് പ്രസിഡന്റ് അഡ്വ. സുമ ലാൽ അദ്ധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.അനിൽ എസ് കല്ലേലിഭാഗം സ്വാഗതം പറഞ്ഞു. പത്തനാപുരം ജില്ലാ പഞ്ചായത്ത് അംഗം സുനിത രാജേഷ് പദ്ധതി വിശദീകരണം നടത്തി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെ. നജീബത്ത്, പിറവന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ജയൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആർ.രശ്മി, അംബിക കുമാരി തുടങ്ങിയവർ പങ്കെടുത്തു. ഭവന നിർമ്മാണത്തിനുള്ള ധനസഹായം ഗുണഭോക്താക്കൾക്ക് നേരിട്ട് നൽകുന്നതിന് പകരം വീട് നിർമ്മിച്ച് താക്കോൽ കൈമാറുന്നതാണ് സാഫല്യം പദ്ധതി. 2 ബെഡ് റൂമുകൾ, അടുക്കള, ഹാൾ, അറ്റാച്ച്ഡ് ടോയ്ലറ്റ് ഉൾപ്പെടെയുള്ളതാണ് വീട്. 7.20 ലക്ഷം രൂപയാണ് ഒരു വീടിന്റെ നിർമ്മാണച്ചെലവ് .