കൊല്ലം: സർക്കാർ - എയ്ഡഡ് - അൺ എയ്ഡഡ് സ്‌കൂളുകളിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കണമെന്ന് ചീഫ് ജസ്റ്റീസ് എസ്.മണികുമാറും ജസ്റ്റീസ് ഷാജി.പി.ചാലിയും ഉൾപ്പെട്ട ഹൈക്കോടതി ബഞ്ച് ഉത്തരവിട്ടു.

2016ൽ സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഫൈസൽ കുളപ്പാടം സമർപ്പിച്ച പൊതുതാല്പര്യ ഹർജിയിലാണ് ഉത്തരവ്.

പരാതിപ്പെട്ടികൾ യാഥാർത്ഥ്യമാകുന്നതോടെ ഭയമില്ലാതെ വിദ്യാർത്ഥികൾക്ക് രഹസ്യ സ്വഭാവത്തിൽ പരാതി നൽകാനാകും. പരാതികൾ തീർപ്പാക്കാനുള്ള ചുമതല സ്‌കൂൾ ഹെഡ്മാസ്റ്റർ അല്ലെങ്കിൽ പ്രിൻസിപ്പൽ, ഇവർ തിരഞ്ഞെടുത്ത മൂന്ന് അദ്ധ്യാപകർ എന്നിവർ ഉൾപ്പെടുന്ന അഞ്ചംഗ കമ്മിറ്റിക്കായിരിക്കും. അഞ്ചംഗ സമിതിയിൽ ചുരുങ്ങിയത് രണ്ടുപേർ വനിതകളായിരിക്കണം. 200ൽ കുറവ് കുട്ടികളുള്ള സ്‌കൂളുകൾ ആണെങ്കിൽ മൂന്ന് അംഗങ്ങളുള്ള കമ്മിറ്റി മതിയാകും. ഇതിൽ ഒരാൾ വനിതയായിരിക്കണം.

ആഴ്ചയിൽ മൂന്നു ദിവസം പ്രധാന അദ്ധ്യാപകന്റെയും സമിതിയിലുള്ള രണ്ട് അദ്ധ്യാപകരുടെയും സാന്നിദ്ധ്യത്തിൽ പെട്ടി തുറന്ന് പരാതികൾ പരിശോധിക്കണം. ഗൗരവ സ്വഭാവം ഉള്ളതും അടിയന്തരവുമായ പരാതികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പരാതി പരിഹാര സെല്ലിനും, പോക്‌സോ ആക്ടിന്റെ പരിധിയിൽ വരുന്ന പരാതികൾ ചൈൽഡ് ലൈൻ മുഖേന പൊലീ

സിനും കൈമാറണം. ഹർജിക്കാരന് വേണ്ടി അഡ്വ. ജോമി.കെ.ജോസ് ഹാജരായി.