കരുനാഗപ്പള്ളി: കരാറുകാരുടെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ ടെണ്ടർ നടപടികൾ ബഹിഷ്ക്കരിക്കാൻ ഓൾ കേരള ഗവ.കോൺട്രാക്ട്രാറ്റേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി യോഗം തീരുമാനിച്ചു. കരാറുകാർ നൽകുന്ന ജി.എസ്.ടി തുക 12 ശതമാനത്തിൽ നിന്ന് 18 ആയി ഉയർത്തിയ സർക്കാർ തീരുമാനം പുനപരിശോധിക്കുക, നിർമ്മാണ ആവശ്യങ്ങൾക്കുള്ള പാറയുത്പ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുക, കരാറുകാരെ കടക്കെണിയിൽ നിന്ന് രക്ഷിക്കുക, ടാർ, സിമന്റ്, കമ്പി എന്നിവയുടെ മാറ്റ വില നൽകുന്നത് അസോസിയേഷൻ നൽകിയ നിവേദനം അംഗീകരിക്കുക എന്നീ പ്രമേയങ്ങളും യോഗം പാസാക്കി.യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് എം.സലിം അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് പി.ഗോപി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. എസ്.പ്രഹ്‌ളാദൻ, പ്രസന്നൻ, ചവറ അനിൽകുമാർ, ദിലീപ് കുമാർ, സജീവൻ, ബിലാൽ എന്നിവർ സംസാരിച്ചു.