കൊല്ലം: പരേതനായ സാഹിത്യ വിമർശകൻ കെ.പി. അപ്പന്റെ സ്വകാര്യ ഗ്രന്ഥശേഖരത്തിൽ നിന്ന് ആയിരം പുസ്തകങ്ങൾ മക്കളായ രവിൻ അപ്പൻ, ശ്രീജിത്ത് എന്നിവർ നീരാവിൽ നവോദയം ഗ്രന്ഥശാലയ്ക്ക് കൈമാറി. ഇതോടെ ഗ്രന്ഥശാലയിലെ പുസ്തകങ്ങളുടെ എണ്ണം 30,000ൽ എത്തി.
വായന പക്ഷാചരണത്തിന്റെ സമാപന ദിവസമായ ബുധനാഴ്ച ഗ്രന്ഥശാലയിൽ എത്തിയാണ് അച്ഛന്റെ ആഗ്രഹം അനുസരിച്ച് ഗ്രന്ഥശാല ഭാരവാഹികളായ ബേബി ഭാസ്‌കർ, എസ്.നാസർ എന്നിവരെ പുസ്തകങ്ങൾ ഏൽപ്പിച്ചത്. മറ്റാർക്കും പ്രവേശനം അനുവദിക്കാത്ത വായനാമുറിയിൽ നിധിപോലെ സൂക്ഷിച്ചിരുന്നവയാണ് ഈ പുസ്തക ശേഖരം. ഇവയിൽ ഇംഗ്ലീഷിലുള്ള ഇരുന്നൂറോളും പുസ്തകങ്ങൾ കെ.പി.അപ്പന്റെ ഭാര്യ പ്രൊഫ.എ.ഓമനയിൽ നിന്ന് എസ്.എൻ കോളേജ് ലൈബ്രറിക്കായി മുൻ പ്രിൻസിപ്പൽ ഡോ.സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള അദ്ധ്യാപകസംഘം ഏറ്റുവാങ്ങിയിരുന്നു.
കെ.പി.അപ്പൻ 13 വർഷം വിജയദശമിനാളിൽ വിദ്യാരംഭ ചടങ്ങിനായി ലൈബ്രറിയിൽ എത്തിയിരുന്നു. ഗുരുദക്ഷിണയായി ലഭിച്ചിരുന്ന തുക ഗ്രന്ഥശാലയ്ക്ക് സമർപ്പിക്കുകയായിരുന്നു പതിവ്. ഈ തുക ഉപയോഗിച്ച് വാങ്ങിയ പുസ്തകങ്ങൾ ഉൾക്കൊള്ളുന്നതാണ് ഗുരുസ്മരണാർത്ഥം ഗ്രന്ഥശാലയിൽ ആരംഭിച്ച ദക്ഷിണ റഫറൻസ് വിഭാഗം. പുസ്തകങ്ങൾ ഇനം തിരിച്ച് പൂർണ്ണമായും കമ്പ്യൂട്ടർവത്കരിക്കാനുള്ള തീവ്രശ്രമത്തിലാണ് ഗ്രന്ഥശാല പ്രവർത്തകരെന്ന് ഗ്രന്ഥശാല സെക്രട്ടറി എസ്.നാസർ പറഞ്ഞു.