കൊല്ലം: രാജ്യത്തെ ആരോഗ്യമേഖലയിൽ മികച്ച സേവനം ലഭ്യമാക്കുന്നതിനുള്ള നാഷണൽ ക്വാളിറ്റി അഷ്വറൻസ് (എൻ.ക്യു.എ.എസ്) പുരസ്കാരം ജില്ലാ ആശപത്രിക്ക്. 95 മാർക്ക് നേടിയാണ് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്തോടെ പുരസ്കാരം നേടിയത്.

ജില്ലാ, സംസ്ഥാനതല പരിശോധനകൾക്ക് ശേഷം എൻ.എച്ച്.എസ്.ആർ.സിയുടെ ദേശീയതല സംഘവും നടത്തിയ പരിശോധയിലൂടെയാണ് ജില്ലാ ആശുപത്രിയെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. ജില്ലാ ആശുപത്രിയിൽ 537 കിടക്കകളാണുള്ളത്. അംഗീകാരത്തിനുള്ള ഇൻസെന്റീവായി ഒരു കിടക്കയ്ക്ക് പതിനായിരം രൂപ വീതം ഒരു വർഷം ഇൻസെന്റീവ് ലഭിക്കും. ഇങ്ങനെ മൂന്ന് വർഷത്തേക്ക് 1.61 കോടി ഇൻസെന്റീവ് ലഭിക്കും. മികച്ച നിലവാരം നിലനിറുത്തിയാൽ വീണ്ടും എൻ ക്യു.എ.എസ് അംഗീകാരത്തിന് അപേക്ഷിക്കാം.

തളരാത്ത കരുത്തിൽ നേട്ടങ്ങൾ

അടുത്തിടെ സംസ്ഥാന സർക്കാരിന്റെ കായകല്പ പുരസ്കാരം ഒന്നാം സ്ഥാനത്തോടെ ജില്ലാ ആശുപത്രി സ്വന്തമാക്കിയിരുന്നു. ആശുപത്രി സൂപ്രണ്ട് ഡോ. എസ്. വസന്തദാസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വി. അജിത, ആർ.എം.ഒ ഡോ. അനുരൂപ് ശങ്കർ എന്നിവരുടെ നേതൃത്വത്തിൽ ആശുപത്രി ജീവനക്കാർ നടത്തിയ ആത്മാർത്ഥമായ പ്രവർത്തനത്തിലൂടെയാണ് കൊവിഡ് അടക്കമുള്ള പ്രതികൂല സാഹചര്യത്തിനിടയിലും മികച്ച ആശുപത്രിയെന്ന അംഗീകാരം നേടിയെടുത്തത്.