photo
നെടുവത്തൂരിൽ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന് കോൺക്രീറ്റ് പൂർത്തിയായപ്പോൾ

കൊല്ലം: ഓണ സമ്മാനമായി നെടുവത്തൂരിന് സ്മാർട്ട് വില്ലേജ് ഓഫീസ്. നിർമ്മാണം ഉടൻ പൂർത്തിയാകും. 44 ലക്ഷം രൂപയുടെ പദ്ധതി നിർമ്മാണോദ്ഘാടനം കഴിഞ്ഞ് മൂന്നുവർഷമെത്തുമ്പോഴും അടുത്തിടെയാണ് നിർമ്മാണ ജോലികൾക്ക് ഗതിവേഗം കൈവന്നത്. കോൺക്രീറ്റ് പൂർത്തിയായി. ഇനി ഭിത്തികൾ പൂശി തറയിൽ ടൈൽ പാകി വയറിംഗ് അടക്കമുള്ള ജോലികളും പെയിന്റിംഗും നടത്താനുണ്ട്. മഴ നിർമ്മാണ ജോലികളെ ബാധിച്ചില്ലെങ്കിൽ ഓണക്കാലത്ത് സ്മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിക്കും.

പഴയ കെട്ടിടം പൊളിച്ചുനീക്കി

2020 നവംബർ 4ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഓൺലൈനിലൂടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചത്. ഓഫീസിന്റെ പ്രവർത്തനം സമീപത്തെ വായനശാലയിലേക്ക് മാറ്റിയിരുന്നു. ഇവിടെ അസൗകര്യങ്ങൾക്ക് നടുവിലാണ് ഓഫീസിന്റെ പ്രവർത്തനങ്ങൾ. എന്നാൽ 1986ൽ നിർമ്മിച്ച പഴയ കെട്ടിടം പൊളിച്ച് നീക്കാൻ വൈകി. ഇക്കഴിഞ്ഞ മാർച്ചിലാണ് പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ജോലികൾ തുടങ്ങാനായത്. നിർമ്മിതി കേന്ദ്രത്തിനാണ് നിർവഹണ ചുമതല.

മെച്ചപ്പെട്ട സൗകര്യങ്ങൾ

വില്ലേജ് ഓഫീസർ റൂം, ഓഫീസ് ഏരിയ, ഡോക്യുമെന്റ് സ്റ്റോർ, പൊതുജനങ്ങൾക്കുള്ള വിശ്രമ സ്ഥലം, ടോയ്‌ലറ്റ്, ഡൈനിംഗ് ഏരിയ, പാർക്കിംഗ്, ചുറ്റുമതിൽ എന്നീ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. വീഡിയോ കോൺഫറൻസ് സംവിധാനമടക്കം മെച്ചപ്പെട്ട സൗകര്യങ്ങളുമൊരുക്കും.