കൊല്ലം: കൊല്ലം നഗരത്തിൽ തലങ്ങും വിലങ്ങും ഓടാൻ കെ.എസ്.ആർ.ടി.സിയുടെ പത്ത് ഗ്രാമവണ്ടികളിറങ്ങും. ഒരു വർഷത്തേക്ക് സർവീസ് നടത്താൻ ഓരോന്നിനും ഒരു ലക്ഷം രൂപ വീതം പത്ത് ലക്ഷം രൂപ കോർപ്പറേഷൻ നീക്കിവച്ചു.

കോർപ്പറേഷൻ - കെ.എസ്.ആർ.ടി.സി അധികൃതരുടെ സംയുക്ത യോഗം ചേർന്ന് സർവീസ് നടത്തേണ്ട റൂട്ട് നിശ്ചയിക്കും. കോർപ്പറേഷൻ പരിധിയിലെ ഇടറോഡുകളെയും പ്രധാന റോഡുകളെയും ബന്ധിപ്പിച്ചുള്ള സർവീസിനാണ് ആലോചന.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ കാര്യമായ വരുമാനമില്ലാത്ത റൂട്ടുകളിൽ സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സി തയ്യാറല്ല. എന്നാൽ ഈ മേഖലകളിലെ യാത്രാക്ലേശം പരിഹരിക്കാനാണ് തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് ഗ്രാമവണ്ടി എന്ന ആശയം കെ.എസ്.ആർ.ടി.സി മുന്നോട്ടുവച്ചത്.

ഒരു തദ്ദേശ സ്ഥാപനമോ, ഒന്നിലധികം സ്ഥാപനങ്ങളോ ചേർന്ന് അവർ നിർദ്ദേശിക്കുന്ന റൂട്ടിലെ സർവീസിന്റെ ഡീസൽ ചെലവ് വഹിക്കുന്നതാണ് പദ്ധതി. ഇതിനുള്ള പണം തനത് ഫണ്ടിൽ നിന്ന് വകയിരുത്തുന്നതിന് പുറമേ പൊതുജനങ്ങൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് സംഭാവന സ്വീകരിച്ചും കണ്ടെത്താൻ പഞ്ചായത്തുകൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് അനുമതി നൽകിയിരുന്നു.

കൈപിടിച്ച് തദ്ദേശ സ്ഥാപനങ്ങൾ

1. ഒരു ദിവസം 150 കിലോമീറ്രർ ഓടാൻ ഡീസൽ ചെലവ് 3325 രൂപ

2. പ്രദേശത്തെ സ്വകാര്യ പമ്പുമായി തദ്ദേശ സ്ഥാപനം ധാരണയിലെത്തണം

3. ഡിപ്പോയിൽ നിന്ന് ആരംഭിക്കുന്ന സർവീസുകളിൽ കെ.എസ്.ആർടി.സി ഡീസൽ നിറയ്ക്കും

4. ഇതിന് മൂന്ന് മാസത്തെ തുക മുൻകൂട്ടി അടയ്ക്കണം

5. വിദ്യാർത്ഥി കൺസെഷൻ, ഭിന്നശേഷി പാസ് ആനുകൂല്യം ലഭിക്കും

6. ചുമതല തദ്ദേശസ്ഥാപന അദ്ധ്യക്ഷൻ ചെയർമാനായ മാനേജ്മെന്റ് കമ്മിറ്റിക്ക്

കോർപ്പറേഷൻ നീക്കിവച്ചത് ₹ 10 ലക്ഷം

കരുനാഗപ്പള്ളിയിൽ സംയുക്ത വണ്ടി

കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയും ക്ലാപ്പന പഞ്ചായത്തും സംയുക്തമായി ഒരു ഗ്രാമവണ്ടി സർവീസ് നടത്താൻ ധാരണയായിട്ടുണ്ട്. പുനലൂർ മേഖലയിലും സമാനമായ ആലോചനയുണ്ട്.

തദ്ദേശസ്ഥാപനങ്ങൾ വാർഷികപദ്ധതിയിൽ ഗ്രാമവണ്ടിക്ക് പണം വകയിരുത്തണം. പ്ലാൻ ഫണ്ടിൽ വർദ്ധനവ് ഇല്ലാത്തതിനാൽ തദ്ദേശ സ്ഥാപനങ്ങൾ പലതും വിമുഖത കാട്ടുന്നുണ്ട്.

കെ.എസ്.ആർ.ടി.സി അധികൃതർ

ജില്ലാ പഞ്ചായത്ത് ഗ്രാമവണ്ടികൾക്കായി 50 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. പദ്ധതിക്ക് പണം നീക്കിവയ്ക്കുന്ന പഞ്ചായത്തുകളുമായി ചേർന്നാകും ജില്ലാ പഞ്ചായത്ത് പണം വിനിയോഗിക്കുക.

സാം.കെ.ഡാനിയേൽ

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്