boat

കൊല്ലം: വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഈമാസം മൺറോത്തുരുത്തിലെ വീടുകൾ കയറിയിറങ്ങി സർവേ നടത്തും. നിരന്തര വേലിയേറ്റം മൺറോത്തുരുത്തിലെ ജനജീവിതത്തിൽ സൃഷ്ടിക്കുന്ന ദുരിതങ്ങളും സാമ്പത്തിക പ്രതിസന്ധിയും പരിഹരിക്കാൻ ജില്ലാ ആസൂത്രണ വകുപ്പിന്റെ നേതൃത്വത്തിൽ സമഗ്ര പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ഫീൽഡ് സർവേ.
കൃഷി അനുബന്ധ മേഖല, ടൂറിസം, മണ്ണ് സംരക്ഷണം, അടിസ്ഥാന സൗകര്യം, എന്നീ നാല് മേഖലകളായി തിരിച്ചാണ് വികസനം ലക്ഷ്യമിടുന്നത്. ഈ മേഖലകളിൽ പ്രത്യേക പദ്ധതി തയ്യാറാക്കാൻ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി നാല് സബ് കമ്മിറ്റികളും രൂപീകരിച്ചിരുന്നു.

സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജനങ്ങളുടെ ആവശ്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാനാണ് ഫീൽഡ് സർവേ. സർവേ വിവരങ്ങൾ അടിസ്ഥാനമാക്കിയാകും സബ് കമ്മിറ്റികൾ പദ്ധതി തയ്യാറാക്കുക.

കഴിഞ്ഞമാസം 8ന് ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗമാണ് ഇങ്ങനെയൊരു പദ്ധതി തയ്യാറാക്കാൻ തീരുമാനിച്ചത്.

ഇന്നലെ ചേർന്ന വിലയിരുത്തൽ യോഗത്തിൽ അടുത്തമാസം 8ന് മുമ്പ് കരട് പദ്ധതികൾ സമർപ്പിക്കാൻ തീരുമാനിച്ചു. എം.പി, എം.എൽ.എ എന്നിവരുടെ കൂടി സാന്നിദ്ധ്യത്തിൽ മൺറോത്തുരുത്തിൽ വച്ചാകും അടുത്ത യോഗം. രണ്ട് മാസത്തിനുള്ളിൽ പദ്ധതി അന്തിമമാക്കി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നടപ്പാക്കാനാണ് ആലോചന. ഓരോ മാസവും പ്രത്യേക യോഗം ചേർന്ന് പദ്ധതി നടത്തിപ്പിന്റെ പുരോഗതി വിലയിരുത്തും.

പ്രധാന ലക്ഷ്യങ്ങൾ

1. പ്രദേശവാസികളുടെ വരുമാനം വർദ്ധിപ്പിച്ച് കാർഷിക മേഖലയുടെ വികസനം

2. വേലിയേറ്റം പ്രതിരോധിക്കാൻ തെങ്ങ്, കണ്ടൽ വ്യാപകമായി വച്ചുപിടിപ്പിക്കൽ

3. റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണവും നവീകരണവും

4. വേലിയേറ്റ ജലം ഒഴിവാക്കാൻ ഇടത്തോടുകളുടെ ആഴം കൂട്ടൽ

5. ഇടത്തോടുകളുടെ പാർശ്വഭിത്തി നിർമ്മാണം

6. ഉത്തരവാദിത്വ ടൂറിസം പദ്ധതിയുടെ സാദ്ധ്യത പ്രയോജനപ്പെടുത്തൽ

7. പ്രദേശവാസികൾക്ക് ടൂറിസ്റ്റ് ഗൈഡ് അടക്കമുള്ള തൊഴിലുകളിൽ പരിശീലനം

ഒരുമാസത്തിനുള്ളിൽ നാല് സബ് കമ്മിറ്റികളുടെയും കരട് പദ്ധതി തയ്യാറാകും. എം.പി, എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ അടുത്ത യോഗം ചേർന്ന് പദ്ധതി വിലയിരുത്തും.

പി.ജെ. ആമിന

ജില്ലാ പ്ലാനിംഗ് ഓഫീസർ