
കൊല്ലം: രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ ജില്ലയിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്നുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. 240 മില്ലി ഗ്രാം എം.ഡി.എം.എയുമായി കരുനാഗപ്പള്ളിയിൽ നിന്ന് രണ്ടുപേരാണ് പിടിയിലായത്.
കുലശേഖരപുരം ആദിനാട് വടക്ക് മുറിയിൽ കാരാളിൽ വീട്ടിൽ മനീഷ് കുമാർ (27), ആദിനാട് തെക്ക് മുറിയിൽ വെളിയിൽ പടീറ്റതിൽ വീട്ടിൽ ആഷിഖ് എന്നിവരെയാണ് കരുനാഗപ്പള്ളി അസി. എക്സൈസ് ഇൻസ്പെക്ടർ പി.എൽ.വിജിലാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
യുവാക്കൾ തമ്പടിക്കുന്നുവെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പെരിനാട്, പാലക്കടവ് മിഥുൻ ഭവനത്തിൽ മിലൻ.എം.ജോർജിനെ (19) കുണ്ടറയിൽ നിന്ന് പിടികൂടിയതെന്ന് കൊട്ടാരക്കര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സഹദുള്ള പറഞ്ഞു.
7ന് രാത്രി 8.40 ഓടെ തേവലക്കര ഗ്രാമപഞ്ചായത്ത് ജംഗ്ഷന് സമീപത്തുനിന്നാണ് മനീഷിനെയും ആഷിഖിനെയും അറസ്റ്റ് ചെയ്തത്.
ഇവർക്ക് എം.ഡി.എം.എ വിതരണം ചെയ്ത കരുനാഗപ്പള്ളി തേവലക്കര മുള്ളിക്കാല മുറിയിൽ കാക്കത്തോട്ടിൽ വടക്കതിൽ ഷാജിയുടെ വീട്ടിൽ പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തെ ഷാജിയുടെ സഹോദരങ്ങളായ സലിമും നസീറും ചേർന്ന് ആക്രമിച്ച ശേഷം കടന്നുകളഞ്ഞു. ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ജോലി തടസപ്പെടുത്തിയതിനും സലിം, നസീർ എന്നിവർക്കെതിരെ തെക്കുഭാഗം പൊലീസ് കേസെടുത്തു. പ്രിവന്റീവ് ഓഫീസർ എസ്.അനിൽകുമാർ, സജികുമാർ. സിവിൽ എക്സൈസ് ഓഫീസർമാരായ കിഷോർ, ഹരിപ്രസാദ്, ശ്യാം ദാസ്, വനിത സിവിൽ ഓഫീസർമാരായ ട്രീസ, റാസ്മിയ, ഡ്രൈവർ അബ്ദുൾ മനാഫ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
മിലന്റെ പക്കൽ നിന്ന് 3.535 ഗ്രാം എം.ഡി.എം.എ, 5 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. ഉത്തർപ്രദേശിൽ നിന്നാണ് ഇവയെത്തിച്ചതെന്ന് ഇയാൾ പറഞ്ഞു.
ദിവസങ്ങളായി യുവാവ് എക്‌സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു.
എക്‌സൈസ് ഇൻസ്‌പെക്ടർ ജി.പോൾസന്റെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്‌പെക്ടർ അബ്ദുൾ വഹാബ്, പ്രിവന്റീവ് ഓഫിസർമാരായ എൻ.ബിജു, എൻ.സുരേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ എവേഴ്‌സൻ ലാസർ, ശ്രീജിത്ത്, ശരത്, സിദ്ധു, സൂര്യ, ഡ്രൈവർ നിതിൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.