കൊല്ലം: അഷ്ടമുടി കായലിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നത് തടയാൻ വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ സ്‌പെഷ്യൽ ഡ്രൈവ് നടത്താൻ തീരുമാനം. നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ നിർദ്ദേശങ്ങളുടെ പുരോഗതി വിലയിരുത്താൻ ജില്ലാ കളക്ടർ അഫ്‌സാന പർവീണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിക്കും. കക്കൂസ് മാലിന്യം ഒഴുക്കുന്നത് തടയാൻ ബയോ ടോയ്‌ലെറ്റുകൾ ആവശ്യമുള്ള തദ്ദേശ സ്ഥാപനങ്ങളുടെ നിർദേശങ്ങൾ ഡി.പി.സിയിൽ പരിഗണിക്കും. ബോട്ടുകൾ പൊളിച്ച് അവശിഷ്ടങ്ങൾ കത്തിച്ച് കായൽ മലിനീകരണം നടത്തുന്ന യാർഡുകൾ കണ്ടെത്താൻ ഫിഷറീസ് വകുപ്പിന് നിർദേശം നൽകി. കായലിന് ചുറ്റുമുള്ള ജലസ്രോതസുകളിലെ വെള്ളം പരിശോധിച്ച് ഭാഗിക റിപ്പോർട്ട് ആരോഗ്യവകുപ്പ് സമർപ്പിച്ചു. മറ്റ് സ്ഥലങ്ങളിലെ ജലപരിശോധനാ വിവരം ഉടൻ ലഭ്യമാക്കുമെന്ന് ഡി.എം.ഒ ഡോ. ആർ.ബിന്ദു മോഹൻ അറിയിച്ചു.
മാലിന്യസംസ്‌കരണത്തിനായി സ്വീകരിച്ചിരിക്കുന്ന നടപടികളെക്കുറിച്ചുള്ള അടിയന്തര റിപ്പോർട്ട് നൽകാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി. ജില്ലാ വികസന കമ്മിഷണർ ആസിഫ്.കെ.യൂസഫ്, എ.ഡി.എം ആർ. ബീനാറാണി, തഹസിൽദാർ ജാസ്മിൻ ജോർജ് തുടങ്ങിയവർ പങ്കെടുത്തു
മറ്റ് പ്രധാന നിർദേശങ്ങൾ
1. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് നിരോധനം കർശനമാക്കും
2. പഞ്ചായത്തുകൾ മാലിന്യസംസ്‌കരണത്തിന് പദ്ധതികൾ തയ്യാറാക്കും
3. അറവുശാല - ഹൗസ് ബോട്ട് മാലിന്യം, പ്ലാസ്റ്റിക് എന്നിവ തള്ളുന്നത് തടയും
4. സീവേജ് പ്ലാന്റുകളുടെ വിവരങ്ങൾ തദ്ദേശസ്ഥാപനങ്ങൾ ശേഖരിക്കും