meeting-1
ധനകാര്യ സ്ഥാപന അധി​കൃതരുമായി​ കോൺ​ഗ്രസ് നേതാക്കൾ ചർച്ച നടത്തുന്നു

കൊട്ടിയം: വായ്പ എടുത്തവരുടെ വീടുകളുടെ ചുവരുകളിൽ പെയിന്റ് കൊണ്ട് എഴുതുകയും പോസ്റ്ററുകൾ പതിക്കുകയും ചെയ്ത സംഭവത്തിൽ സ്വകാര്യ ധനകാര്യ സ്ഥാപന അധികൃതരുടെ ഭാഗത്തു നിന്നു നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് വായ്പക്കാരായ ചവറ സ്വദേശികൾ ധനകാര്യ സ്ഥാപനത്തിന്റെ മാടൻനടയിലുള്ള ഓഫീസിൽ പ്രതിഷേധവുമായെത്തി.

ഇന്നലെ രാവിലെ ഓഫീസ് തുറക്കുന്നതിനു മുമ്പാണ് ഓഫീസിന് മുന്നിൽ വീട്ടമ്മമാർ അടക്കമുള്ളവർ പ്രതിഷേധവുമായെത്തി ഓഫീസ് തുറക്കുന്നത് തടഞ്ഞത്. തുടർന്ന് പൊലീസ് സ്ഥലത്തി​യതോടെ ധനകാര്യ സ്ഥാപന അധികൃതർ ഇവരുമായി ചർച്ച നടത്താൻ തയ്യാറായി​. കോൺഗ്രസ് നേതാക്കളായ പാലത്തറ രാജീവ്, ബിനോയ് ഷാനൂർ, സലാഹുദ്ദീൻ എന്നിവർ ഇതി​നി​ടെ സ്ഥാപനത്തിലെത്തി​ മാനേജർ, അഭിഭാഷകർ എന്നിവരുമായി ചർച്ച നടത്തി​യതി​നെ തുടർന്ന് ഹെഡ് ഓഫീസുമായി ആലോചിച്ച ശേഷം ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പുകൊടുത്തതോടെയാണ് പ്രതിഷേധം അവസാനിച്ചത്. പ്രശ്നത്തിൽ കഴി​ഞ്ഞ തിങ്കളാഴ്ച പരിഹാരം ഉണ്ടാക്കാമെന്നാണ് ധനകാര്യ സ്ഥാപന അധികൃതർ പറഞ്ഞിരുന്നത്. വീടുകൾക്കു മുന്നിൽ പെയിന്റുകൊണ്ട് എഴുതിയ ആൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും തങ്ങളുടെ അറിവോടെയായിരുന്നില്ല ഇയാളുടെ നടപടികളെന്നും കമ്പനി അധികൃതർ പ്രതിഷേധക്കാരോട് പറഞ്ഞു.