കൊല്ലം: കുളത്തൂപ്പുഴയിൽ വഴിയോര കച്ചവടക്കാർ നടുറോഡിൽ മാരകായുധങ്ങളുമായി ഏറ്റമുട്ടിയ സംഭവത്തിൽ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുളത്തൂപ്പുഴ സിനൻ മൻസിൽ സുലൈമാൻ( 39), വലിയേല ഷെഫീഖ് മൻസിൽ ഷെഫീഖ്( 36), അഞ്ചേക്കർ സ്വദേശി മുഹമ്മദ് ബുഹാരി( 26) , അബീബിയ മൻസിൽ ദിലീപ്( 48) എന്നിവരാണ് അറസ്റ്റിലായത്.
ചന്തദിവസമായ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. പഞ്ചായത്ത് ഓഫീസിന് സമീപം വഴിയോര പച്ചക്കറി വ്യാപാരം നടത്തിയിരുന്നവർ തമ്മിലുള്ള പകയും വ്യാപാരത്തിലെ മത്സരവുമാണ് ഏറ്റുമുട്ടലിന് പിന്നിൽ. വ്യാഴാഴ്ച രാവിലെ ഒരു വിഭാഗത്തിന്റെ സ്റ്റാൾ മറച്ചിട്ട ശേഷം പിക്കപ്പ് വാൻ നിറുത്തിയിട്ട് മറ്റൊരു കൂട്ടർ വ്യാപാരം ചെയ്യാൻ ശ്രമിച്ചതോടെ ആരംഭിച്ച വാക്കേറ്റം സംഘർഷത്തിലെത്തുകയായിരുന്നു. ഇരു വിഭാഗങ്ങൾ വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ നാട്ടുകാർ ഭയന്നോടി. തിരക്കേറിയ കുളത്തൂപ്പുഴ-അഞ്ചൽ പാതയിൽ ഗതാഗതവും സ്തംഭിച്ചു. നാട്ടുകാർ അറിയിച്ചതിനുസരിച്ച് പൊലീസെത്തി അക്രമികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും സംഘർഷം തുടർന്നു. ഇതിനിടെ നാല് പേർക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു.
വഴിയോര കച്ചവടക്കാർ തമ്മിൽ തർക്കം സ്ഥിരമായപ്പോൾ കച്ചവടം അവസാനിപ്പിക്കണമെന്ന് കാട്ടി ഗ്രാമ പഞ്ചായത്ത് നോട്ടീസ് നൽകിയിരുന്നതായി പ്രസിഡന്റ് പി. അനിൽകുമാർ പറഞ്ഞു. അത് ലംഘിച്ചാണ് കച്ചവടം തുടർന്നത്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഒരു കാരണവശാലും വഴിയോര കച്ചവടം അനുവദിക്കില്ലെന്ന് അദേഹം പറഞ്ഞു. പിടിയിലായവരെ ജാമ്യത്തിൽ വിട്ടയച്ചു.