കൊല്ലം: എൽ.ഐ.സി ഏജന്റ്സിന് പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുന്ന കാര്യം മാനേജ്മെന്റ് അനുഭാവപൂർവം പരിഗണിക്കുമെന്ന് എൽ.ഐ.സി ചെയർമാൻ എം.ആർ.കുമാർ പറഞ്ഞു. എൻ.കെ.പ്രേമചന്ദ്രൻ എം.പിയുടെ നേതൃത്വത്തിൽ എൽ.ഐ.സി ഏജന്റ്സ് ഫെഡറേഷൻ ഭാരവാഹികളും എൽ.ഐ.സി മാനേജ്മെന്റ് പ്രതിനിധികളും തമ്മിൽ മുംബയ് എൽ.ഐ.സി ആസ്ഥാനത്ത് നടത്തിയ ചർച്ചയിലാണ് ചെയർമാൻ ഇക്കാര്യം വ്യക്തമാക്കിയത്.
ഇ.എസ്.ഐ ക്ഷേമനിധി ആനുകൂല്യങ്ങൾ നടപ്പാക്കുക. ഏജന്റുമാരുടെ ഗ്രാറ്റുവിറ്റി വർദ്ധിപ്പിക്കുക, ഗ്രൂപ്പ് ഇൻഷ്വറൻസ് തുക വർദ്ധിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് യോഗത്തിൽ മാനേജ്മെന്റ് ഉറപ്പ് നൽകി. എൽ.ഐ.സി മാനേജിംഗ് ഡയറക്ടർ സിദ്ധാർഥ് മോദി, എക്സി. ഡയറക്ടർ മാർക്കറ്റിംഗ് മുരളീധരൻ, എക്സി. ഡയറക്ടർ സുധാകരൻ, സെക്രട്ടറി മാർക്കറ്റിംഗ് വസന്തകുമാർ, ഏജന്റ്സ് ഫെഡറേഷൻ ദേശീയ പ്രസിഡന്റ് എൻ.കെ.പ്രേമചന്ദ്രൻ എം.പി, സെക്രട്ടറി ജനറൽ കെ.രാമചന്ദ്രൻ, വർക്കിംഗ് പ്രസിഡന്റ് സി.രാധാകൃഷ്ണൻ, രക്ഷാധികാരി കെ.സി.ജെയിംസ് എന്നിവർ പങ്കെടുത്തു.