
കൊല്ലം: പ്രാക്കുളം സാമ്പ്രാണിക്കോടി തുരുത്തിന് സമീപം കനത്ത മഴയിലും കാറ്റിലും വള്ളം മറിഞ്ഞ് വീട്ടമ്മ മരിച്ചു. പ്രാക്കുളം ചരുവിള വീട്ടിൽ സേവ്യറുടെ ഭാര്യ ഗ്രേസി സേവ്യറാണ് (58) മരിച്ചത്.
മകൻ ജയരാജുമൊത്ത് സാമ്പ്രാണിക്കോടി തുരുത്തിൽ ഭക്ഷ്യവസ്തുക്കൾ വിൽപ്പന കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇന്നലെ വൈകിട്ട് 6.15ഓടെയായിരുന്നു അപകടം. ദൃക്‌സാക്ഷികളായ മറ്റു സ്വകാര്യ ബോട്ട് ജീവനക്കാർ ഉടൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വിഫലമായി. വള്ളത്തിന്റെ വശങ്ങളിൽ അഴികൾ സ്ഥാപിച്ചിരുന്നതിനാൽ അതിനുള്ളിൽ കടക്കുക പ്രയാസമായിരുന്നു. കമിഴ്ന്നുപോയ വള്ളത്തിനുള്ളിൽ കുടുങ്ങിയ ഗ്രേസിയെ മത്സ്യത്തൊഴിലാളികളും ബോട്ട് ജീവനക്കാരുമായ അജി, ബൈജു എന്നിവർ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കടപ്പാക്കടയിൽ നിന്ന് അഗ്നിശമനസേനയുടെ സ്‌കൂബാടീമും ചാമക്കടയിൽ നിന്ന് ഒരു യൂണിറ്റും സ്ഥലത്തെത്തിയെങ്കിലും ഗ്രേസിയെ കരയ്‌ക്കെത്തിച്ചിരുന്നു. മകൻ ജയരാജ് വള്ളം മറിഞ്ഞപ്പോൾ കായലിലേക്ക് തെറിച്ചുവീണതിനാൽ നീന്തി രക്ഷപ്പെടാൻ സാധിച്ചു. കടപ്പാക്കട അഗ്നിരക്ഷാ നിലയത്തിൽ നിന്ന് എസ്.ആർ.ഒ അരുൺ, വിജേഷ്, സുരേഷ്‌കുമാർ, സുനിൽകുമാർ, ദീപക്, ഫയർ ഓഫീസർ സജീർ, ഹോം ഗാർഡ് ആർ.കെ.നായർ, ചാമക്കട നിലയത്തിൽ നിന്ന് സ്റ്റേഷൻ ഓഫീസർ സുരേഷിന്റെ നേതൃത്വത്തിൽ എസ്.എഫ്.ആർ.ഒ ഷാജുദ്ദീൻ, അനിമോൻ, ശിവകുമാർ, ഫയർ ഓഫീസർമാരായ സാബു തോമസ്, ദിലീപ്കുമാർ, സേതുനാഥ്, കൃപദേവൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
അഞ്ചാലുംമൂട് പൊലീസ് എസ്.എച്ച്.ഒ സി.ദേവരാജന്റെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു. ഗ്രേസിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഗ്രേസിയുടെ മക്കൾ: ജയരാജ്, സാബു, ജോസഫ്.