chandanam

കൊല്ലം: കൊല്ലം ബീച്ചിൽ ജലകേളി പാർക്കിനോട് ചേർന്ന് കോർപ്പറേഷൻ ഭൂമിയിൽ നിന്ന ചന്ദനമരം മുറിച്ചുകടത്തി. പട്ടത്താനത്ത് ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന ചന്ദനമരം മുറിച്ചുനീക്കാനും ശ്രമിച്ചു. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. മരത്തിന്റെ 53 സെന്റി മീറ്റർ ചുറ്റളവ് വരുന്ന ചുവട് ഭാഗമാണ് മുറിച്ചുകടത്തിയത്. മരത്തിന്റെ ശിഖരങ്ങൾ ഉപേക്ഷിച്ച നിലയിലാണ്. മരത്തിന്റെ ഉയരം എത്രയെന്ന് വ്യക്തമല്ല. ഇന്നലെ രാവിലെയാണ് മോഷണ വിവരം അറിയുന്നത്. നഗരസഭാ അധികൃതർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. വിപണി വിലയനുസരിച്ച് ഒരു കിലോ വെള്ള ചന്ദനത്തിന് മൂവായിരവും കാതൽ ചന്ദനത്തിന് 10,000 രൂപക്ക് മുകളിലുമാണ് വില. പട്ടത്താനത്ത് വീട്ടുപറമ്പിൽ നിന്ന മരം ആക്സോ ബ്ലേഡ് ഉപയോഗിച്ച് മുറിക്കാൻ ശ്രമിച്ച നിലയിലാണ്.