എഴുകോൺ: ഇടയ്ക്കിടം വിജ്ഞാനോദയം വായനശാലയിൽ വായന പക്ഷാചരണം സമാപിച്ചു.
പി.എൻ.പണിക്കർ അനുസ്മരണം, അമൂല്യ പുസ്തകങ്ങളുടെ പ്രദർശനം, മഹാകവി കുമാരനാശാന്റെ ചണ്ഡാല ഭിക്ഷുകിയുടെ ശതാബ്ദിയുടെ ഭാഗമായ പഠന ശിബിരം തുടങ്ങി വിവിധ പരിപാടികളോടെയായിരുന്നു പക്ഷാചരണം. ബാലവേദി കുട്ടികളുടെ വായനക്കുറിപ്പ് എഴുത്തു മത്സരം, ടെലിഫിലിം നിർമ്മാണം, പുസ്തക സമാഹരണം എന്നിവയും നടന്നു. സമാപന സമ്മേളനം പ്രമുഖ സാഹിത്യകാരൻ ഇടയ്ക്കിടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ആർ .സോമൻ അദ്ധ്യക്ഷനായി. ലൈബ്രറി പഞ്ചായത്ത് നേതൃസമിതി കൺവീനർ എസ്. അശോകൻ മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫ. ജി.സഹദേവൻ, എസ്.എസ്.സുവിധ, എസ്. ദിപു, നീലിമ എന്നിവർ സംസാരിച്ചു.
സമാഹരിച്ച പുസ്തകം ലൈബ്രേറിയന്മാരായ സരസ്വതി, വത്സല എന്നിവർ ഏറ്റുവാങ്ങി.
സാഹിത്യകാരൻ ഇടയ്ക്കിടം ആനന്ദൻ, നല്ലവായനക്കാരനായി തിരഞ്ഞെടുക്കപ്പെട്ട എസ്.ദിപു, പെൺ വായന മത്സര വിജയി നീലിമ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സെക്രട്ടറി ആർ. ബാബു സ്വാഗതവും വൈസ് പ്രസിഡന്റ് എസ്.രഞ്ജിത് നന്ദിയും പറഞ്ഞു.