rejimon-

എഴുകോൺ: മർച്ചന്റ് നേവിയിൽ ജോലി വാഗ്ദാനം ചെയ്ത് 11.72 ലക്ഷം തട്ടിയെടുത്ത കേസിൽ വി​മുക്ത ഭടൻ അറസ്റ്റി​ൽ. പേരയം എൻ.എസ്.എസ് സ്കൂളിന് സമീപം ഉഷ മന്ദിരത്തിൽ റെജിമോനാണ് (44) എഴുകോൺ പൊലീസി​ന്റെ പി​ടി​യി​ലായത്.

മക്കൾക്ക് ജോലി വാഗ്ദാനം ചെയ്ത് നെടുവത്തൂർ അന്നൂർ സ്വദേശിയായ രാജുവിൽ നിന്നാണ് തുക തട്ടിയെടുത്തത്. റെജിമോൻ പേരയത്ത് നടത്തിയിരുന്ന റിക്രൂട്ടിംഗ് സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പെന്ന് എഴുകോൺ എസ്.ഐ അനീസ് പറഞ്ഞു. 2020 ഒക്ടോബറിലാണ് തട്ടിപ്പ് തുടങ്ങിയത്. ആദ്യം 5,00,000 രൂപ വാങ്ങി. പിന്നീട് 2021 ഫെബ്രുവരി വരെ പലപ്പോഴായി തട്ടിപ്പ് തുടർന്നു.

വീടും പുരയിടവും ധനകാര്യ സ്ഥാപനത്തിൽ ഈട് നൽകി ലോൺ എടുപ്പിച്ചും തുക കൈക്കലാക്കി. റെജിമോന് പുറമേ ബ്രൈറ്റ് ജോൺ പോൾ, ലിൻസു സാമുവേൽ എന്നീ പേരുകളിലുള്ള അക്കൗണ്ടുകൾ വഴിയും പണം നൽകിയിരുന്നു. ഓട്ടോ തൊഴിലാളിയായ രാജുവിന്റെയും ഭാര്യയുടെയും ജോയിന്റ് അക്കൗണ്ടിലൂടെയാണ് പ്രതിയുടെ അക്കൗണ്ടുകളിലേക്ക് പണം നൽകിയിരുന്നത്.

രാജുവിന്റെ മൂത്തമകനെ മലേഷ്യയിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് ഇറാനിലെത്തിച്ച് കുറച്ച് നാൾ ജോലി ചെയ്യിച്ചിരുന്നു. ഇവിടെ ശമ്പളം പോലുമില്ലാതെ ഇയാൾക്ക് മടങ്ങേണ്ടി വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്. എഴുകോൺ ഐ.എസ്.എച്ച്.ഒ ടി​.എസ്. ശിവപ്രകാശ്, എസ്.ഐ.മാരായ അനീസ്, ടി​. ജോർജ്കുട്ടി, സി.പി.ഒമാരായ സുജിത്, വിനീത്, സി.പി.ഒമാരായ അജയൻ, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.