കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ വിദ്യാർത്ഥികൾക്ക് കൺസക്ഷൻ കാർഡ് നൽകുന്ന കൗണ്ടർ സമയത്ത് തുറക്കാറില്ല. ബി.ജെ.പി ഉപരോധ സമരം നടത്തി. രാവിലെ 8 മുതൽ കൗണ്ടർ തുറക്കേണ്ടതാണ്. ഇത് പ്രതീക്ഷിച്ച് ദിവസവും നൂറുകണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് ഇവിടെ കാത്ത് നിൽക്കുക. 10 മണി കഴിഞ്ഞാണ് കൗണ്ടറിൽ ആളെത്തുക. അധികസമയം കഴിയാതെ അടച്ചിട്ട് പോകുന്നതാണ് രീതി. നിരന്തര പരാതികൾ ഉയർന്നിട്ടും പരിഹാരമുണ്ടായില്ല. തുടർന്നാണ് ഇന്നലെ രാവിലെ ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൗണ്ടറിന് മുന്നിലും ഡി.ടി.ഓഫീസിന് മുന്നിലും ഉപരോധ സമരം നടത്തിയത്. തുടർന്നുള്ള എല്ലാ ദിവസങ്ങളിലും കൗണ്ടർ കൃത്യ സമയത്ത് തുറന്ന് പ്രവർത്തിപ്പിക്കുമെന്ന ഉറപ്പിൻമേലാണ് സമരം അവസാനിപ്പിച്ചത്.