sooraj

കൊല്ലം: ഛത്തീസ്ഗഡിൽ മലയാളി ജവാൻ മലവെള്ളപ്പാച്ചിലിൽപ്പെട്ട് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. സി.ആർ.പി.എഫ് കമാണ്ടോ കൊല്ലം ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് കോഴിക്കോടന്റേത്ത് തെക്കേപ്പുര വീട്ടിൽ ആർ. സൂരജാണ് (27) മരിച്ചത്.

ബിജാപൂരിൽ നക്സൽബാധിത മേഖലയിൽ പട്രോളിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇന്നലെ രാവിലെ ഏഴോടെയായിരുന്നു അപകടം. തുമാൽ വാഗു നദിയുടെ കൈവഴിയായ വെന്താവാഗു നദി റോപ്പുവഴി കുറുകേ കടക്കവേ സൂരജ് മലവെള്ളപ്പാച്ചിലിൽ ഒഴുകി പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന നാലുപേർ രക്ഷപ്പെട്ടു. വൈകിട്ട് മൂന്നോടെ അപകടം നടന്നിടത്ത് നിന്ന് ഏറെ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.

സൂരജ് കോബ്ര 210 ബറ്റാലിയനിലെ ജവനായിരുന്നു. കഴിഞ്ഞമാസം നാട്ടിൽ വന്നിരുന്നു. മൃതദേഹം ബിജാപൂരിലെ ആശുപത്രിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സി.ആർ.പി.എഫ് ജവാനായിരുന്ന പരേതനായ രവീന്ദ്രനാണ് പിതാവ്. അമ്മ: മണി. സഹോദരങ്ങൾ: സൗരജ്, നീരജ്.