photo
കഴിഞ്ഞ ദിവസം എം.സി റോഡിലെ കുളക്കടയിൽ യുവദമ്പതികളും മകളും മരണപ്പെടാനിടയാക്കിയ അപകടത്തിൽ തകർന്ന കാർ

കൊട്ടാരക്കര: എം.സി റോഡിൽ കുളക്കടയിലെ അപകട പരമ്പരകൾക്ക് അറുതിയുണ്ടാക്കാൻ സുരക്ഷാ സംവിധാനങ്ങളൊരുക്കും. ശാസ്താംകോട്ട ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന ശേഷം ഇന്നലെ നാറ്റ് പാക് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മൂന്ന് അപകടങ്ങളിലായി മൂന്ന് ജീവനുകൾ പൊലിഞ്ഞതും നിരവധി പേർക്ക് പരിക്കേറ്റതുമാണ് അടിയന്തര ഇടപെടലുകൾക്ക് കാരണം. നാറ്റ് പാക് ഉദ്യോഗസ്ഥർ സന്ദർശിച്ചതിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് കെ.എസ്.ടി.പിയ്ക്കുൾപ്പടെ കൈമാറിയശേഷമാണ് നടപടികൾക്ക് അന്തിമ രൂപം കൈവരിക. എം.സി റോഡിൽ കൊല്ലം ജില്ലയിലെ മൂന്നിടങ്ങളിൽ നാറ്റ്പാക് സംഘം സന്ദർശിച്ച് അപകട കാരണം വിലയിരുത്തി. ലോവർ കരിക്കം, ഇഞ്ചക്കാട് കോടിയാട്ടുകാവ് ജംഗ്ഷന് സമീപം, കുളക്കട എന്നിവിടങ്ങളിലാണ് സംഘം സന്ദർശിച്ചത്. നാറ്റ്പാക് ഡയറക്ടർ ഡോ. സാംസൺ മാത്യു വിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കുളക്കടയിൽ ജോ.ആർ.ടി.ഒ അൻസാരി, പുത്തൂർ സർക്കിൾ ഇൻസ്പെക്ടർ ജി.സുഭാഷ് കുമാർ, എസ്.ഐ ടി.ജെ.ജയേഷ്, കെ.എസ്.ടി.പിയുടെയും കുളക്കട ഗ്രാമപഞ്ചായത്തിന്റെയും ഉദ്യോഗസ്ഥർ എന്നിവരും ജനപ്രതിനിധികളും ഒപ്പമുണ്ടായിരുന്നു.

മന്ത്രിയുടെ ഇടപെടൽ

ഏനാത്ത് മുതൽ നിലമേൽവരെ ഈ വർഷം 18 ജീവനുകൾ പൊലിഞ്ഞതായിട്ടാണ് ഔദ്യോഗിക കണക്ക്. പുത്തൂർ മുക്കിനും കുളക്കട പാലം ജംഗ്ഷനുമിടയിലാണ് കൂടുതൽ അപകടങ്ങൾ നടന്നത്. 2019 മുതൽ നാളിതുവരെ ഇവിടെ നടന്ന അപകടങ്ങളിൽ 13 ജീവനുകൾ പൊലിഞ്ഞിട്ടുണ്ട്. 55 പേർക്ക് ഗുരുതര പരിക്കേറ്റു.കുളക്കടയിൽ അപകടങ്ങൾ തുടർക്കഥയായപ്പോൾ അഞ്ച് വർഷം മുൻപ് മോട്ടോർ വാഹന വകുപ്പും പൊലീസും കെ.എസ്.ടി.പിയും ചേർന്ന് ഒട്ടേറെ പരിഹാര മാർഗങ്ങൾക്ക് രൂപം നൽകിയിരുന്നു. എന്നാൽ കാര്യമായ പ്രവർത്തനങ്ങൾ നടത്താനായില്ല. എന്നാൽ ഇപ്പോൾ മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ഇടപെടലിലാണ് വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ എം.സി റോഡിലെ അപകടങ്ങൾ കുറയ്ക്കാനുള്ള സംവിധാനങ്ങളുമായി രംഗത്തെത്തിയത്.

ഫ്ളെക്സിബിൾ സ്പ്രിംഗ് പാർക്കിംഗ് പോസ്റ്റുകൾ
അപകടങ്ങൾ പതിവായ കുളക്കട ആലപ്പാട്ട് ദേവീക്ഷേത്രം വളവ് മുതൽ സ്കൂൾ ജംഗ്ഷൻ വരെ ഫ്ളെക്സിബിൾ സ്പ്രിംഗ് പാർക്കിംഗ് പോസ്റ്റുകൾ സ്ഥാപിക്കും. റബർ കൊണ്ട് തയ്യാറാക്കിയ ഇവ റിഫ്ളക്ടർ ഘടിപ്പിച്ചതാണ്. ഇടതുവശത്തുകൂടി പോകുന്ന വാഹനങ്ങൾ വലതുവശത്തേക്കോ വലതുവശത്തുകൂടി പോകുന്ന വാഹനങ്ങൾ ഇടത്തേ ഭാഗത്തേക്കോ കടക്കാതിരിക്കാൻ ഇത്തരം പോസ്റ്റുകൾ ഉപകരിക്കും. വാഹനങ്ങൾ തട്ടിയാലും തകരാറുണ്ടാകില്ലെന്നതാണ് പ്രത്യേകത. 250 പോസ്റ്റുകൾ ഇതിനായി വേണ്ടിവരും.

സോളർ ലൈറ്റുകൾ പ്രകാശിപ്പിക്കും

എം.സി റോഡിലെ സോളാർ ലൈറ്റുകളിൽ പലതും കണ്ണടച്ചിട്ട് ഏറെ നാളായി. ഇവ അറ്റകുറ്റപ്പണി നടത്തി പ്രകാശിപ്പിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകി. റോഡിന്റെ വശങ്ങൾ വ്യക്തമായി മനസിലാക്കാൻ റിഫ്ളക്ടിംഗ് സൂചകങ്ങൾ, ബ്ളിങ്കിംഗ് ലൈറ്റ് എന്നിവയും സ്ഥാപിക്കും.