
കൊല്ലം: ജന്തുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ഇരുന്നൂറിലധികം ജന്തുജന്യ രോഗങ്ങളുണ്ടെന്നാണ് കണക്കുകൾ.
മനുഷ്യരിലുണ്ടാകുന്ന പകർച്ചവ്യാധികളിൽ 60 ശതമാനവും പുതുതായി കണ്ടെത്തുന്ന രോഗങ്ങളുടെ 70 ശതമാനവും ജന്തുക്കളിൽ നിന്നാണെന്നാണ് പഠനങ്ങൾ. എലിപ്പനി, പേവിഷബാധ, നിപ്പ, ആന്ത്റാക്‌സ് തുടങ്ങിയ പല ജന്തുജന്യ രോഗങ്ങളും ഇപ്പോൾ കൂടുതലായി കണ്ടുവരുന്നതായും ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. എബോള, മങ്കി പോക്‌സ് തുടങ്ങിയവയും ലോകത്തിന് ഭീഷണിയായ ജന്തുജന്യ രോഗങ്ങളാണ്.
അകലമുണ്ടേൽ അണുക്കളെ അകറ്റാം
1. വീടിനകത്തും പുറത്തും മൃഗങ്ങളോട് ഇടപെടുമ്പോൾ ശ്രദ്ധിക്കണം
2. തെരുവ് നായ്ക്കളെ ലാളിക്കരുത്
3. പരിചയമില്ലാത്ത നായ്ക്കളുടെ സമീപത്ത് പോകരുത്
4. ആഹാരം കഴിക്കുമ്പോൾ നായ്ക്കളുടെ അടുത്ത് നിൽക്കരുത്
5. വ്യക്തിശുചിത്വം പാലിക്കണം
6. വളർത്ത് മൃഗങ്ങളിൽ നിന്നുള്ള ചർമ്മ രോഗങ്ങൾ വ്യക്തിശുചിത്വം കൊണ്ട് തടയാം
7. വളർത്ത് നായ്ക്കളുടെ വിരയിളക്കങ്ങളിൽ ക്രമം പാലിക്കുക
8. വെറ്ററിനറി ഡോക്ടറുടെ നിർദ്ദേശപ്രകാരം പ്രതിരോധ കുത്തിവയ്പ്പെടുക്കണം
9. വിസർജ്യം ശരിയായ രീതിയിൽ കുഴിച്ചിടണം
രോഗം പകരാനുള്ള സാഹചര്യം
നേരിട്ടുള്ള സമ്പർക്കം ആഹാരം വെള്ളം പരിസ്ഥിതി സ്വാഭാവിക സഹവാസം വിനോദം ലാളന
ശ്രദ്ധിക്കേണ്ടവർ
അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾ
65 വയസിന് മുകളിലുള്ളവർ
രോഗപ്രതിരോധ ശേഷി കുറഞ്ഞവർ
ഗർഭിണികൾ
പ്രതിരോധ മാർഗങ്ങൾ
1. കാർഷികമേഖലയിലെ മൃഗപരിപാലന നിർദ്ദേശങ്ങൾ പാലിക്കുക
2. കുടിവെള്ളം, മാലിന്യ സംസ്‌കരണം, കുടിവെള്ള സ്രോതസ് വൃത്തിയാക്കൽ
3. മൃഗങ്ങളുമായി ഇടപഴകിയാൽ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം
3. ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക
3. എലിപ്പനിക്കെതിരെയുള്ള ഡോക്‌സി സൈക്ലിൻ കഴിക്കുക
4. കടിക്കുകയോ മാന്തുകയോ ചെയ്താൽ പേവിഷബാധ വാക്‌സിനെടുക്കണം
5. കൊതുക്, ചെള്ള്, പ്രാണി തുടങ്ങിയവയുടെ കടി ഒഴിവാക്കുക
6. ഭക്ഷണം സുരക്ഷിതമായി കൈകാര്യം ചെയ്യുക
7. നന്നായി പാകം ചെയ്തുമാത്രം കഴിക്കുക
മൃഗങ്ങളുമായി നേരിട്ടും അല്ലാതെയും, ശരീര സ്രവങ്ങളുമായുള്ള സമ്പർക്കം, മൃഗങ്ങളുടെ വാസസ്ഥലം, തൊഴുത്ത്, ഫാമുകൾ എന്നിവിടങ്ങളിലെ ഇടപെടലുകൾ, പരിപാലനം ഇവയിലെല്ലാം മുൻകരുതൽ സ്വീകരിക്കണം.
ആരോഗ്യവകുപ്പ് അധികൃതർ