rotary
റോട്ടറി ക്ലബ്‌ ഒഫ് കൊല്ലം സിറ്റി ഭാരവാഹികളുടെ സ്ഥാനാരോഹനവും കാരുണ്യ പദ്ധതികളുടെ ഉദ്ഘാടനവും റിട്ട. ഡി.ജി.പി ഋഷിരാജ് സിംഗ് നിർവഹിക്കുന്നു. കെ.പി.രാമചന്ദ്രൻ നായർ, ബി.തമ്പാൻ, ജി.ജയചന്ദ്രൻ, കെ.പി.റെനിൽ, രെഞ്ചു രാജൻ, ശിവദാസൻ പണ്ടകശാല, ടി. രാജൻ എന്നിവർ സമീപം.

കൊല്ലം: റോട്ടറി ക്ലബ് ഒഫ് കൊല്ലം സിറ്റി ഭാരവാഹികളുടെ സ്ഥാനാരോഹണവും കാരുണ്യ പദ്ധതികളുടെ ഉദ്ഘാടനവും ബീച്ച് റോട്ടറി കമ്മ്യൂണിറ്റി ഹാളിൽ നടന്നു. റിട്ട. ഡി. ജി.പി ഋഷിരാജ് സിംഗ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്ളബ് പ്രസി‌‌ഡന്റായി ബി.തമ്പാനും സെക്രട്ടറിയായി ജി. ജയചന്ദനും സ്ഥാനമേറ്റു. തുടർന്ന് ക്ളബിന്റെ വാത്സല്യം പദ്ധതിയുടെ ഭാഗമായി രണ്ടു വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് പരിശീലനത്തിനുളള ഫീസ് കൈമാറി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രണ്ട് വനിതകൾക്ക് ജീവനോപാധിയായി തയ്യൽ മെഷീനുകളും മാരക രോഗം ബാധിച്ച ആറു പേർക്ക് ചികിത്സാസഹായവും വിതരണം ചെയ്തു. മുഖ്യാതിഥി മുൻ റോട്ടറി ഗവർണർ കെ.പി.രാമചന്ദ്രൻ നായർ, അസി. ഗവർണർ ര‌ഞ്ജിത്ത് കുമാർ, സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് കെ.പി.റെനിൽ, സെക്രട്ടറി ര‌ഞ്ജു രാജൻ, ഗവർണർ ഗ്രൂപ്പ് പ്രതിനിധി ശിവദാസൻ പണ്ടികശാല, ട്രഷറർ ടി. രാജൻ, റോയി മാനുവേൽ, ഫ്രാങ്ക്‌ളിൻ ഡാനിയേൽ എന്നിവർ സംസാരിച്ചു. ‌മികച്ച റോട്ടറി ഡിസ്ട്രിക്ട് 3211 റൊട്ടേറിയൻ കെ.ജെ. രാജീവ്, പുതിയ ചൈൽഡ് വെൽഫയർ കമ്മറ്റിയംഗം അലൻ എം. അലക്സാണ്ടർ എന്നിവരെ ആദരിച്ചു. റോട്ടറി ക്ലബ് ഒഫ് കൊല്ലത്തിന്റെ നേതൃത്വത്തിൽ നിരവധി കാരുണ്യ,​ ക്ഷേമ പദ്ധതികൾ നടപ്പാക്കുമെന്ന് സ്ഥാനമേറ്റ ഭാരവാഹികൾ പറഞ്ഞു. റോട്ടറി ഡിസ്ട്രിക്ട് പദ്ധതിയായ 'അമൃത'ത്തിന്റെ ഭാഗമായി കുട്ടികളുടെ കാഴ്ചശക്തി, ശ്രവണശേഷി, ദന്താരോഗ്യം എന്നിവ പരിശോധിച്ച് ആവശ്യമായ ചികിത്സയും തുടർപരിപാലനവും ലഭ്യമാക്കും. സൗജന്യമായി കണ്ണടകളും ശ്രവണസഹായികളും നൽകുമെന്നും അവർ അറിയിച്ചു.