sooraj

കുന്നത്തൂർ: ഛത്തീസ്ഗഡിൽ നക്സൽ ബാധിത മേഖലയിൽ പട്രോളിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെ മലവെള്ളപ്പാച്ചിലിലകപ്പെട്ട് മരിച്ച ശൂരനാട് സ്വദേശിയായ സി.ആർ.പി.എഫ് ജവാന്റെ സംസ്കാരം ഇന്ന് പൂർണ ഔദ്യോഗിക ബഹുമതികളോടെ ജന്മനാട്ടിൽ നടക്കും.

ശൂരനാട് തെക്ക് ഇരവിച്ചിറ കോഴിക്കോടന്റയ്യത്ത് പരേതനായ രവീന്ദ്രന്റെയും മണി രവീന്ദ്രന്റെയും മകൻ ആർ.സൂരജാണ് (27) വെള്ളിയാഴ്ച മരിച്ചത്. ഇന്നലെ വൈകിട്ട് 4ന് റായ്പൂരിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ മുംബയിലെത്തിച്ച മൃതദേഹം രാത്രി 9.30 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചു. തിരുവനന്തപുരം പള്ളിപ്പുറം സി.ആർ.പി.എഫ് ഗ്രൂപ്പിലെ കമാൻഡന്റിന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി രാത്രി 12 ഓടെ ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഇന്ന് രാവിലെ 8ന് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്ന് മൃതദേഹം വിലാപയാത്രയായി ജന്മനാട്ടിലേക്ക് കൊണ്ടുപോകും. രാവിലെ 9.30ന് സൂരജ് പഠിച്ച പതാരം ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും. 10.30 ഓടെ മൃതദേഹം വീട്ടിലെത്തിക്കും. ചടങ്ങുകൾക്ക് ശേഷം 12 ഓടെ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.

സി.ആർ.പി.എഫ് ജവാനായിരുന്ന പിതാവിന്റെ മരണത്തെ തുടർന്നാണ് സൂരജ് അഞ്ച് വർഷം മുമ്പ് സേനയുടെ ഭാഗമാകുന്നത്. അവിവാഹിതനാണ്. സഹോദരങ്ങൾ: സൗരജ്, നീരജ്.