
കൊല്ലം: കോളനികളെ വികസിത ചെറുഗ്രാമങ്ങളാക്കി മാറ്റുന്ന പദ്ധതികൾ സംസ്ഥാനത്ത് തടസമില്ലാതെ തുടരുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. ജില്ലയിലെ പട്ടികവർഗ കോളനികളായ പയറ്റിച്ചേരി, കൊടുവന്നൂർ എന്നിവിടങ്ങൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
തടസമില്ലാതെ കുടിവെള്ള വിതരണം, സൗരോർജ തെരുവ് വിളക്കുകൾ, പാതകളുടെ പുനരുദ്ധാരണം, മാലിന്യ നിർമാർജ്ജനം, വീടുകളുടെ മെച്ചപ്പെടുത്തൽ തുടങ്ങിയവ കോളനികളുടെ മുഖച്ഛായ മാറ്റും. ഗ്രാമീണ അന്തരീക്ഷം സൃഷ്ടിച്ച് ജീവിത നിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല. പട്ടികജാതി വകുപ്പിനാണ് ധനവിനിയോഗവും നടത്തിപ്പും. പയറ്റിച്ചേരിയിലെ സന്ദർശനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.പ്രശോഭ, വൈസ് പ്രസിഡന്റ് എസ്.ഓമനക്കുട്ടൻ പിള്ള, വാർഡ് അംഗം എം.ഐ.റെയ്ച്ചൽ തുടങ്ങിയവർ പങ്കെടുത്തു.