
കൊല്ലം: മീനാട്, പരവൂർ ഭാഗങ്ങളിൽ യുവാക്കൾ തമ്പടിക്കുന്നുവെന്ന വിവരത്തെ തുടർന്ന് ചാത്തന്നൂർ എക്‌സൈസ് വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്നുപേർ അറസ്റ്റിലായി.
മീനാട്, കിഴക്കുംക്കര കൊച്ചുകുന്നുംപുറത്ത് വീട്ടിൽ ഷാൻ (30), ആർ.എസ് ഭവനിൽ ഷിബിൻ (20), പരവൂർ കുറുമണ്ഡൽ വേടാംകുഴി വീട്ടിൽ സാരംഗ് (26) എന്നിവരാണ് പിടിയിലായത്.
ദിവസങ്ങളായി ഇവർ എക്‌സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഷാൻ, ഷിബിൻ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് സാരംഗിനെ പിടികൂടാനായത്. ഇയാളുടെ മൊബൈൽ ഫോണും എം.ഡി.എം.എ എത്തിക്കാനായി ഉപയോഗിച്ചിരുന്ന മാരുതി സ്വിഫ്ട് കാറും കസ്റ്റഡിയിലെടുത്തു. ഇവരുടെ പക്കൽ നിന്ന് 0.6246 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചതായി കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ സുരേഷ് അറിയിച്ചു. എക്‌സൈസ് ഇൻസ്‌പെക്ടർ എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ ആർ.ജി.വിനോദ്, എസ്.അനിൽകുമാർ, എ.ഷിഹാബുദ്ദീൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഒ.എസ്.വിഷ്ണു, ജെ.ജ്യോതി, എസ്.അഖിൽ, എ.യു.സുജിത്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഷൈനി എന്നിവർ പങ്കെടുത്തു.