കുന്നത്തൂർ : ഛത്തീസ്ഗഢിൽ മലവെള്ളപ്പാച്ചിലിൽ മരിച്ച യുവ സൈനികൻ സൂരജിന്റെ വേർപാട് ജന്മനാടിന് തീരാനൊമ്പരമായി. പൊന്നുമോന്റെ ആകസ്മിക വിയോഗം ഉൾക്കൊള്ളാൻ മാതാവ് മണിക്കും ഇളയ സഹോദരന്മാരായ നീരജിനും സൗരജിനും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഏപ്രിലിലാണ് അവസാനമായി സൂരജ് നാട്ടിലെത്തിയത്. മാലുമേൽ ക്ഷേത്രത്തിലെ ഉത്സവത്തിൽ വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമൊപ്പം പങ്കെടുത്ത ശേഷമായിരുന്നു ഛത്തീസ്ഗഢിലേക്കുള്ള മടക്കം. അടുത്ത വരവിന് വിവാഹമെന്ന സ്വപ്നവും വീട്ടുകാർക്കുണ്ടായിരുന്നു. നിർദ്ധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സൂരജ്. സഹോദരന്മാരുടെ പഠിത്തവും വീട്ടുകാര്യങ്ങളുമെല്ലാം സൂരജിന്റെ വരുമാനത്തെ ആശ്രയിച്ചായിരുന്നു മുന്നോട്ട് പോയിരുന്നത്. സി.ആർ.പി.എഫ് ജവാനായിരുന്ന പിതാവ് ശൂരനാട് തെക്ക് പതാരം ഇരവിച്ചിറ കോഴിക്കോടന്റയ്യത്ത് രവീന്ദ്രന്റെ മരണശേഷം അഞ്ച് വർഷം മുമ്പാണ് സൂരജ് ജോലിയിൽ പ്രവേശിച്ചത്. നക്സൽ ഓപ്പറേഷൻ കഴിഞ്ഞ് മടങ്ങവേ വെള്ളിയാഴ്ച രാവിലെ 7.30ഓടെ കോർബാ ജില്ലയിലെ ബിജാപ്പൂരിന് സമീപം തുമാൽ വാഗു നദിയുടെ കൈവഴിയായ വെന്താവാഗു നദിയിലാണ് അപകടം.മലവെള്ളപ്പാച്ചിലിൽപ്പെട്ട സൂരജിന്റെ മൃതദേഹം വൈകീട്ട് മൂന്ന് മണിയോടെയാണ് ലഭിച്ചത്.ശനിയാഴ്ച രാത്രി പത്തോടെ തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം പള്ളിപ്പുറം സിആര്‍പിഎഫ് ഗ്രൂപ്പിലെ കമാന്‍ഡന്‍റിന്‍റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി രാത്രി 12 മണിയോടെ ശാസ്താംകോട്ടയിൽ എത്തിച്ച് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ഇന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായി ജന്മനാട്ടിലെത്തിക്കുന്ന പതാരം ശാന്തിനികേതന്‍ ഹയർസെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിനു വയ്ക്കും.പിന്നീട് വീട്ടിലെത്തിക്കുന്ന മൃതദേഹം 12 മണിയോടെ ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കരിക്കും.