pho

പുനലൂർ: യുവതിയായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവിനെ പുനലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. മണിയാർ മഞ്ജുഭവനിൽ മഞ്ജുവിനെയാണ് (35) മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ സംശയം തോന്നിയ പൊലിസ് പെയിന്റിംഗ് തൊഴിലാളിയായ ഭർത്താവ് മണികണ്ഠനെയാണ് (38) കസ്റ്റഡിയിലെടുത്തത്. അച്ചൻകോവിലിൽ നിന്ന് മണിയാറിലെ ഇടകുന്നിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു മഞ്ജുവും കുടുംബവും. വെള്ളിയഴ്ച രാത്രിയിലായിരുന്നു സംഭവമെന്ന് പൊലീസ് സംശയിക്കുന്നു. അന്ന് രാത്രിയിൽ സഹോദരൻ മൊബൈൽ ഫോണിൽ വിളിച്ചപ്പോൾ മണികണ്ഠനാണ് ഫോൺ എടുത്തത്. മഞ്ജു ഉറങ്ങുകയാണെന്ന് മറുപടി പറഞ്ഞു. ഇന്നലെ രാവിലെ വീണ്ടും ഫോണിൽ ബന്ധപ്പെട്ടപ്പോഴും ഉറങ്ങുകയാണെന്ന മറുപടി ലഭിച്ചതിനെ തുടർന്ന് മണിയാറിലെ വീട്ടിൽ വിവരങ്ങൾ അന്വേഷിച്ച് സഹോദരനെത്തി. തുണി പുതച്ച് കിടന്നുറങ്ങുന്ന മഞ്ജുവിനെ തട്ടിവിളിച്ചപ്പോൾ ശരീരം തണുത്ത നിലയിലായിരുന്നു. ഇതിനിടെ മണികണ്ഠൻ കഴുത്തിൽ കേബിൾ ചുറ്റിയ ശേഷം ഇടത് കൈത്തണ്ട മുറിച്ച് വീട്ടിനുള്ളിൽ നിന്ന് പുറത്തേക്ക് വന്നു. സഹോദരൻ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന് രണ്ടുപേരെയും താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മഞ്ജുവിന്റെ ജീവൻ രക്ഷിക്കാനായില്ല. തുടർന്നാണ് ഭർത്താവിനെ കസ്റ്റഡിയിലെടുത്തത്. വിരളടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. മക്കൾ: മിഥുൻ, മീനു.