
കൊല്ലം: ജില്ലാ ആശുപത്രി വളപ്പിൽ പ്രവർത്തിക്കുന്ന ധന്വന്തരി കേന്ദ്രത്തിൽ വമ്പൻ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്. ധന്വന്തരി കേന്ദ്രത്തിന് കീഴിലെ മെഡിക്കൽ സ്റ്റോറിലെ മരുന്ന് വാങ്ങലിനും വിൽക്കലിനും കൃത്യമായ കണക്കുകളില്ല.
സ്ഥാപനത്തിന്റെ നിലനില്പ് അപകടത്തിലാണെന്നും 2014 മുതലുള്ള കണക്കുകൾ പരിശോധിച്ച് തയ്യാറാക്കിയ 2020- 21ലെ സമാഹൃത ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ധന്വന്തരി കേന്ദ്രത്തിന്റ നിയന്ത്രണത്തിലുള്ള മെഡിക്കൽ സ്റ്റോറിലേക്ക് ഡോക്ടർമാരുടെ ഇന്റൻഡില്ലാതെ ഫാർമസിസ്റ്റുകൾ സ്വന്തം നിലയിൽ മരുന്ന് വാങ്ങുകയാണ്. അതുകൊണ്ട് തന്നെ ലക്ഷക്കണക്കിന് രൂപയുടെ മരുന്ന് പലപ്പോഴും വിറ്റുപോകാതെ നശിച്ച് വൻ സാമ്പത്തിക നഷ്ടമുണ്ടായി.
മരുന്നിന്റെ കാലാവധി കഴിഞ്ഞതിലൂടെ 9.41 ലക്ഷം രൂപയുടെ നഷ്ടം കണ്ടെത്തിയിട്ടുണ്ട്. സുരക്ഷിതമായി സൂക്ഷിക്കാത്തതിനാൽ കാലവാധി കഴിയാത്ത മരുന്നുകളും നശിച്ചിട്ടുണ്ട്.
സ്റ്റോർ പർച്ചേസ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഡിസ്ട്രിബ്യൂട്ടർമാരിൽ നിന്ന് നേരിട്ട് മരുന്നുകൾ വാങ്ങുന്നത്. അതുകൊണ്ട് തന്നെ സ്ഥാപനത്തിന് ലഭിക്കേണ്ട സൗജന്യം, വിലക്കിഴിവ് എന്നിവ ഉറപ്പാക്കപ്പെടുന്നില്ല. ഇടയ്ക്ക് സ്റ്റോർ പർച്ചേസ് മാനദണ്ഡം പാലിക്കണമെന്ന് തീരുമാനിച്ചിരുന്നെങ്കിലും നടപ്പായില്ല. 2011 മുതൽ മരുന്ന് വാങ്ങൽ, വില്പന, സ്റ്റോക്ക് എന്നിവ കമ്പ്യൂട്ടർവത്കരിച്ചു. പക്ഷെ സ്റ്റോക്ക് മാത്രമാണ് സോഫ്ട്‌വെയറിൽ ഉൾപ്പെടുത്തിയത്. വില്പന ഉൾപ്പെടുത്താത്തതിനാൽ കാലഹരണപ്പെട്ട മരുന്നുകൾ കൃത്യസമയത്ത് കണ്ടെത്തി കമ്പിനികൾക്ക് നൽകി പണം വാങ്ങാൻ കഴിയുന്നില്ല. ഇതിലൂടെയും ലക്ഷങ്ങൾ നഷ്ടമാകുന്നുണ്ട്.
വിക്ടോറിയയിൽ പൂട്ടുവീണു
വിക്ടോറിയ ആശുപത്രിയിലും നേരത്തെ മെഡിക്കൽ സ്റ്റോർ പ്രവർത്തിച്ചിരുന്നു. എന്നാൽ കൃത്യസമയത്ത് ലൈസൻസ് പുതുക്കാൻ അധികൃതർ തയ്യാറാകാതിരുന്നതിനാൽ വിക്ടോറിയയിലെ മെഡിക്കൽ സ്റ്റോർ അടച്ചുപൂട്ടേണ്ടി വന്നു.
വാങ്ങാത്ത മരുന്നിനും 16.85 ലക്ഷം
1. വാങ്ങാത്ത മരുന്നിന്റെ പേരിൽ വിവിധ കമ്പനികൾക്ക് നൽകിയത് 16.85 ലക്ഷം
2. ജില്ലാ ആശുപത്രി മെഡിക്കൽ സ്റ്റോറിലേക്കെന്നപേരിൽ 9.34 ലക്ഷം
3. വിക്ടോറിയയിലേക്ക് 7.51 ലക്ഷം
4. പണം നൽകിയത് ധന്വന്തരി കേന്ദ്രത്തിന്റെ അക്കൗണ്ടിൽ നിന്ന്
5. വാങ്ങിയ മരുന്നുകൾക്കുള്ള ബില്ല് ഇടക്കാലത്ത് നൽകി
6. എന്നാൽ മരുന്ന് സ്റ്റോക്കിൽ ഉൾപ്പെടുത്തിയില്ല
7. ഈ മരുന്ന് വിറ്റ ഇനത്തിൽ വരുമാനം വന്നതായും കണക്കില്ല
നിയമനങ്ങളിലും നിയമലംഘനം
1. അംഗീകാരമില്ലാത്ത സർട്ടിഫിക്കറ്റ് അംഗീകരിച്ചു
2. റാങ്ക് ലിസ്റ്റ് മറികടന്ന് നിയമനം
3. അടിസ്ഥാന യോഗ്യതയില്ലാത്തയാൾ ഇ.സി.ജി ടെക്നീഷ്യൻ
4. ഡേറ്റ എൻട്രി തസ്തികയിൽ യോഗ്യരായവരെ ഒഴിവാക്കി
സ്റ്റോക്ക് കണക്കില്ലെങ്കിലും സ്റ്റോക്കെടുപ്പിന്റെ പേരിൽ എല്ലാ സാമ്പത്തിക വർഷവും പതിനായിരം രൂപ വീതം ഫാർമസിസ്റ്റുകൾ അലവൻസായി കൈപ്പറ്റിയിട്ടുണ്ട്.
ഓഡിറ്റ് വിഭാഗം അധികൃതർ