ഓച്ചിറ: ബീഹാർ ഉദ്യാഗസ്ഥ സംഘം ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് സന്ദർശിച്ചു. ബീഹാറിൽ നിന്നുള്ള ബി.ഡി.ഒ മാരുടെ സംഘമാണ് പരിശീലനത്തിന്റെ ഭാഗമായി ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് സന്ദർശിച്ചത്. പതിനഞ്ചാം ധനകാര്യ കമ്മിഷൻ പ്രവർത്തനങ്ങളും ത്രിതല പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളും അതിന്റെ നടത്തിപ്പിനെക്കുറിച്ചും പഠിക്കാനാണ് സംഘമെത്തിയത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, വൈസ് പ്രസിഡന്റ് സുരേഷ് താനുവേലി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.രാജീവ്, ഗീതാ കുമാരി, സുൽഫിയാഷെറിൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.കെ. സക്കിർ ഹുസൈൻ തുടങ്ങിയവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു.
ജെ.സുരേഷ് ബാബു, എം.അബ്ദുൽ സലീം, എം.ജി ദിനേശ്, എൽ.ലിസ തുടങ്ങിയവർ പദ്ധതികൾ വിശദീകരിച്ചു. കില ട്രെയിനിംഗ് ഡയറക്ടർ ദിലീപ് കുമാർ, ട്രെയിനിംഗ് ആസൂത്രകൻ ഡോ. അരുൺരാജ് തുടങ്ങിയവരും പങ്കെടുത്തു.