കൊല്ലം: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷാഫലം പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.കെ.പ്രേമചന്ദ്രൻ എം.പി കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി, സി.ബി.എസ്.സി പരീക്ഷ ബോർഡ് ചെയർപേഴ്സൺ എന്നിവർക്ക് നിവേദനം നൽകി. പരീക്ഷാഫലം പ്രസിദ്ധീകരിച്ച് പ്രവേശനം നേടുന്നതിനുള്ള അവസരം സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്കും ലഭിക്കുന്നതരത്തിൽ കേരളത്തിലെ പ്രവേശന നടപടികൾ നീട്ടിവയ്ക്കണമെന്ന്
ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്ത് നൽകി. സി.ബി.എസ്.ഇ പരീക്ഷ ഫലം വൈകുന്നത് കാരണം രക്ഷകർത്താക്കളും വിദ്യാർത്ഥികളും ആശങ്കയിലാണ്. സാധാരണിൽ കവിഞ്ഞ കാലതാമസമാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തമ്മിൽ ഏകോപനമില്ലാത്ത സാഹചര്യം ന്യായീകരിക്കാവുന്നതല്ല. സംസ്ഥാന ബോർഡുകളുടെ ഫലം പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസത്തിന്റെ നടപടികളുമായി കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ മുന്നോട്ടു പോവുകയാണ്. എന്നാൽ മിടുക്കരായ സി.ബി.എസ്.ഇ വിദ്യാർത്ഥികളുടെ തുടർ വിദ്യാഭ്യാസത്തെ തന്നെ ദോഷകരമായി ബാധിക്കുന്നവിധംപ്രവേശനനടപടികൾ പുരോഗമിക്കുന്നു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കാനുള്ള നടപടി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണം. പരീക്ഷ ഫലം എത്രയും വേഗം പ്രസിദ്ധീകരിക്കാൻ സി.ബി.എസ്.ഇയും പ്രവേശന നടപടികൾ നീട്ടിവയ്ക്കാൻ സംസ്ഥാന സർക്കാരും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.