
പാരിപ്പള്ളി: കുടുംബശ്രീയുടെ നേതൃത്വത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി 'നൽകാം ഒരു പുസ്തകം പള്ളിക്കൂടത്തിലേക്ക് " ക്യാമ്പയിൻ സംഘടിപ്പിച്ചു. കല്ലുവാതുക്കൽ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ പുസ്തകങ്ങൾ ശേഖരിച്ച് പൊതുവിദ്യാലയങ്ങൾക്ക് നൽകുന്ന ക്യാമ്പയിന്റെ ഉദ്ഘാടനം കല്ലുവാതുക്കൽ പഞ്ചായത്ത് സ്കൂളിൽ പ്രസിഡന്റ് സുദീപ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സത്യപാലൻ അദ്ധ്യക്ഷനായി. സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു, വാർഡംഗം അജയകുമാർ, മെമ്പർ സെക്രട്ടറി രാജേഷ്, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ രേണുക, പ്രഥമാദ്ധ്യാപകൻ ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.