
കൊട്ടിയം: പെരുന്നാൾ ഡ്രസെടുക്കാൻ സുഹൃത്തിനെയും കൂട്ടി പോകുമ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലും മതിലിലും ഇടിച്ച് ബി.കോം അവസാന വർഷ വിദ്യാർത്ഥി മരിച്ചു. സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അയത്തിൽ മെഡിട്രീന ആശുപത്രിക്ക് സമീപം വികാസ് നഗർ 53 കാടൻ ചിറ വീട്ടിൽ ഷാനവാസ് - താഹിറ ദമ്പതികളുടെ മകൻ മുഹമ്മദ് മിലാദാണ് (23) മരിച്ചത്. ശനിയാഴ്ച രാത്രി പത്തരയോടെ പള്ളിമുക്ക് - അയത്തിൽ റോഡിൽ മേടയിൽ മുക്കിലായിരുന്നു അപകടം.
പിന്നാലെ വന്നവർ ഉടൻ ഇരുവരെയും മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മുഹമ്മദ് മിലാദിന്റെ ജീവൻ രക്ഷിക്കാനായില്ല. അയത്തിൽ സ്വദേശി മുഹമ്മദ് ബിലാലാണ് (21) ചികിത്സയിലുള്ളത്. ഇരവിപുരം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മുഹമ്മദ് മിലാദിന്റെ പിതാവ് ഷാനവാസ് വിദേശത്താണ്. സഹോദരങ്ങൾ: സജാദ്, സൽമ.