കൊല്ലം: കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ സജീവ ചർച്ചയായി നഗരത്തിലെ മാലിന്യപ്രശ്നം. എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റുകളും ബയോ ഗ്യാസ് പ്ളാന്റുകളും വെറുതെയായതു സംബന്ധിച്ച് 'കേരളകൗമുദി' കഴിഞ്ഞ ദിവസങ്ങളിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഭരണ, പ്രതിപക്ഷ അംഗങ്ങൾ വിഷയത്തിന്റെ ഗൗരവം അവതരിപ്പിച്ചത്. എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റുകൾ പ്രവർത്തിപ്പിക്കാൻ പുതുതായി 35 പേർക്ക് പരിശീലനം നൽകിയെന്ന് മേയർ വ്യക്തമാക്കി,

മങ്ങാട് വാർഡിനെ പ്രതിനിധീകരിക്കുന്ന ടി.ജി. ഗിരീഷാണ് കേരളകൗമുദി റിപ്പോർട്ടുകൾ കൗൺസിലിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. നഗരത്തിലെ എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റുകൾ പലതും തകരാറിലാണെന്നും

ഇവ അടിയന്തിരമായി നവീകരിക്കണമെന്നും ഗിരീഷ് ആവശ്യപ്പെട്ടു. നഗരാസൂത്രണകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹണി, പളളിത്തോട്ടം ഡിവിഷനെ പ്രതിനിധീകരിക്കുന്ന എൻ. ടോമി, പട്ടത്താനം വാർഡ് മെമ്പർ എം.എച്ച്. നിസാമുദ്ദീൻ തുടങ്ങിയവരും മാലിന്യ വിഷയത്തിൽ ഇടപെട്ട് ചർച്ച സജീവമാക്കി.

പോളയത്തോട്ടിൽ ശ്മശാനത്തോടു ചേർന്ന് മൂന്ന് എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ മറവിൽ ആളുകൾ വൻതോതിൽ ഇവിടെ മാലിന്യം വലിച്ചെറിയുന്നു. രാവിലെ 7മുതൽ 11 വരെ മാത്രമേ ജീവനക്കാരുള്ളൂ. ബാക്കി സമയം പാതയോരത്ത് മാലിന്യം വലിച്ചെറിഞ്ഞ് പോവുകയാണ്. ഉദ്യോഗസ്ഥർ രാത്രി കാവൽ നിന്ന് പിഴ ഈടാക്കിയിട്ടും ഫലമില്ല. കഴിഞ്ഞ ദിവസം അറവ് മാലിന്യം തള്ളി. നഗര മദ്ധ്യത്തിൽ എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റുകൾ സ്ഥാപിക്കരുത്. ഇവ എത്രയും വേഗം മാറ്റണം

 എം.എച്ച്. നിസാമുദ്ദീൻ

നഗരത്തിലെ ലിങ്ക് റോഡിനോട് ചേർന്നുളള പ്രദേശം മറ്റൊരു ചണ്ടി ഡിപ്പോ ആവുകയാണ്. ജൈവ വൈവിദ്ധ്യം നിറഞ്ഞ ആശ്രാമം പോലെയുള്ള സ്ഥലത്താണ് മാലിന്യം നിറയുന്നത്. രണ്ടായിരത്തോളം പേർ പാർക്കുന്ന ചേരി ഇവിടെ അടുത്തുണ്ട്. ഡെങ്കിപ്പനി പടരുന്ന കാലമാണ്. ഇവിടെയുളള എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ് പ്രവർത്തിക്കുന്നില്ല. ആലപ്പുഴയിൽ യൂണിറ്റുകൾ നന്നായി പ്രവർത്തിക്കുന്നു. മാലിന്യങ്ങൾ ബാഗിലാക്കി യൂണിറ്റിൽ എത്തിക്കുകയാണ്. ഈ രീതിയിൽ ഇവിടെയും ആളുകളുടെ മനോഭാവം മാറണം

ഹണി, നഗരാസൂത്രണകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ

5 എയ്റോബിക് യൂണിറ്റുകൾ ഉപയോഗിക്കാതെ നശിക്കുകയാണ്. ഇവ നവീകരിക്കേണ്ടത് അനിവാര്യമാണ്

എൻ. ടോമി, പളളിത്തോട്ടം ഡിവിഷൻ

കേരളകൗമുദി റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടു. അടിയന്തരമായി പ്രശ്നങ്ങൾ പരിഹരിക്കും. എയ്റോബിക് യുണിറ്റുകളുടെ പരിപാലനമാണ് പ്രധാനം. ഉദ്യോഗസ്ഥർ കൃത്യമായ പരിശോധന നടത്തുന്നില്ല. സ്റ്റാൻഡിംഗ് കമ്മിറ്റി വേണ്ടവിധം ഇടപെടണം. പുതുതായി 35 തൊഴിലാളികൾക്ക് പരിശീലനം നൽകി. രണ്ടു പേരെ വീതം യൂണിറ്റുകളിൽ നിയോഗിക്കും. യൂണിറ്റുകളുടെ പരിപാലനത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെ നടപടി സ്വീകരിക്കും. കഴിഞ്ഞ മാർച്ചിൽ 75 പുതിയ ശുചീകരണ തൊഴിലാളികളെ എടുക്കാൻ കൗൺസിൽ തീരുമാനിച്ചിരുന്നു. നടപടി ഉണ്ടായില്ല. ജോൺ ബ്രിട്ടോസ് കോളനിയിലുളള എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ് മാറ്റി സ്ഥാപിക്കാനും തീരുമാനമായി

മേയർ പ്രസന്ന ഏണസ്റ്റ്