pani

കൊല്ലം: ആശങ്കപ്പെടേണ്ട കാര്യമില്ലെങ്കിലും കുട്ടികളിലുണ്ടാകുന്ന തക്കാളിപ്പനിക്കെതിരെ കരുതൽ വേണമെന്ന് ആരോഗ്യവകുപ്പ്. ജില്ലയിൽ പലയിടത്തും തക്കാളിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഗുരുതരാവസ്ഥയുണ്ടായിട്ടില്ല.

അപകട സാദ്ധ്യത കുറവാണെങ്കിലും അപൂർവമായി മസ്തിഷ്‌ക ജ്വരത്തിന് കാരണമായേക്കാം. മാത്രമല്ല അഞ്ച് വയസിൽ താഴെയുള്ള കുട്ടികളിൽ രോഗം കൂടുതലായും ബാധിക്കുമെന്നതിനാൽ ഏറെ ശ്രദ്ധ വേണം. രോഗലക്ഷണം കണ്ടാലുടൻ ഡോക്ടറുടെ സേവനം തേടണം. കുഞ്ഞുങ്ങൾക്ക് ഇടയ്ക്കിടയ്ക്ക് കുടിക്കാൻ ധാരാളം വെള്ളം നൽകണം. കൂടാതെ മ​റ്റ് കുട്ടികൾക്ക് രോഗം പകരാതെയും ശ്രദ്ധിക്കണം.

എന്താണ് തക്കാളിപ്പനി ?

1. കുട്ടികളുടെ കൈവെള്ളയിലും പാദത്തിലും വായിലും ചുണ്ടിലും കണ്ടുവരുന്ന ഒരിനം വൈറസ് രോഗം

2. അപൂർവമായി രോഗം മുതിർന്നവരിലും കാണാറുണ്ട്
3. ശക്തമായ തുടർച്ചയായ പനി, കഠിനമായ ക്ഷീണം, അസ്വസ്ഥത, രക്തചംക്രമണത്തിന് തടസം എന്നിവയുണ്ടാകാം

4. രോഗബാധിതരിൽ നിന്ന് നേരിട്ട് മ​റ്റുള്ളവരിലേക്ക് രോഗം പകരും

5. മൂക്ക്, തൊണ്ട, തൊലിപ്പുറത്തെ കുമിളകൾ എന്നിവയിലെ സ്രവം, ഉമിനീർ എന്നിവയിൽ നിന്നാണ് രോഗം പകരുന്നത്

6. കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ എന്നിവയിലൂടെയും രോഗം പകരാം

ലക്ഷണങ്ങൾ

 പനി  ക്ഷീണം  സന്ധിവേദന  കൈ - കാൽവെള്ളയിലും വായ്ക്കകത്തും കൈകാൽമുട്ടുകളുടെ ഭാഗത്തും ചുവന്ന കുരുക്കൾ  തടിപ്പുകൾ  വയറുവേദന  ഓക്കാനം  ഛർദ്ദി  വയറിളക്കം

പരിചരിക്കേണ്ടത്
1. കുട്ടികളുടെ ശരീരം വൃത്തിയായി സൂക്ഷിക്കുക

2. കുളിപ്പിക്കുമ്പോൾ തേച്ചുരച്ച് തൊലിപ്പുറത്തെ കുമിള പൊട്ടിക്കരുത്

3. വായ്ക്കകത്തെ ബുദ്ധിമുട്ട് കുറയ്ക്കാൻ തണുത്ത ഭക്ഷണം നൽകണം

4. ധാരാളം വെള്ളം കുടിപ്പിക്കണം

5. കുരുക്കൾ ചൊറിഞ്ഞ് പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കണം

6. ശുശ്രൂഷിക്കുന്നവർ കൈ സോപ്പിട്ട് കഴുകണം

7. കുട്ടികളെ സ്കൂളിലും അങ്കണവാടിയിലും വിടരുത്

സാധാരണ വൈറസ് രോഗം മാത്രമാണിത്, ആശങ്കയ്ക്ക് അടിസ്ഥാനമില്ല, കരുതലുണ്ടാകണം. ഒരാഴ്ച മുതൽ പത്ത് ദിവസം കൊണ്ട് സാധാരണനിലയിൽ രോഗം ഭേദമാകും. രോഗ ലക്ഷണങ്ങൾക്കനുസരിച്ചാണ് ചികിത്സ.

ആരോഗ്യവകുപ്പ് അധികൃതർ