ela
കലയപുരം പെരുന്നൽ ഏലായിൽ കാട്ടുപന്നി കത്തി മറിച്ച വാഴത്തോട്ടം

കൊട്ടാരക്കര : കലയപുരം പൊരുന്നൽ-തളിക്കൽ ഏലായും പരിസര പ്രദേശങ്ങളും കാട്ടുപന്നി ശല്യം കാരണം വലഞ്ഞ് കർഷകർ. കാട്ടുപന്നി കാർഷികവിളകൾ നശിപ്പിക്കാൻ തുടങ്ങിയതോടെ ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്ക്. കടമെടുത്തും പണയം വെച്ചും കൃഷിയിലേക്കിറങ്ങുന്ന കർഷകർക്ക് കാട്ടു പന്നികളുടെ ഉപദ്രവം താങ്ങാവുന്നതിനുമപ്പുറമാണ്.

കൃഷി ഉപേക്ഷിക്കാൻ കർഷകർ

രാത്രിയിൽ കൂട്ടത്തോടെയെത്തുന്ന കാട്ടുപന്നികൾ കപ്പയും വാഴയും ചേമ്പുമെല്ലാം കുത്തിമറിച്ചിടുകയാണ്. ഓണ വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത കൊച്ചുവിള സുധാകരൻപിള്ളയുടെ കുലക്കാറായ ഏത്തവാഴകൾ പന്നി കുത്തിമറിച്ചു. കാവിൽ തെക്കതിൽ ചെല്ലപ്പൻപിള്ള, പാറവിള കൊച്ചുകുഞ്ഞ് ,രാധാകൃഷ്ണവിലാസം സജിത കുമാരി, പ്ളാങ്കാല ജയൻ, ചരുവിള അനി, നന്ദനത്തിൽ ചന്ദ്രശേഖരൻപിള്ള , വയലിൽ വേലപ്പൻ, കമലാലയം ഗോപകുമാർ എന്നിവരുടെ കൃഷികളും നശിപ്പിച്ചു. കൃഷി നശിപ്പിക്കാൻ കൂട്ടത്തോടെ എത്തുന്ന കാട്ടുപന്നികളെ തുരത്താൻ ഫലപ്രദമായ നടപടികൾക്ക് കൃഷി വകുപ്പോ, വനം വകുപ്പോ മറ്റു ബന്ധപ്പെട്ടവരോ തയ്യാറായില്ലെങ്കിൽ കൃഷി തന്നെ ഉപേക്ഷിക്കേണ്ടി വരുമെന്ന് ക‌ർഷകർ പറയുന്നു.