കൊല്ലം: നഗര റോഡുകൾ വീതി കൂട്ടി പുനർനിർമ്മിക്കാൻ 347 കോടിയുടെ ഭരണാനുമതി​ ലഭിച്ചതായി മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു.

കാവനാട്- മേവറം 13.05 കിലോമീറ്റർ റോഡ് 21 മീറ്റർ വീതിയിലും തിരുമുല്ലാവാരം- കായിക്കര 4.3 കിലോമീറ്റർ, റെയിൽവേ സ്റ്റേഷൻ- ഡീസന്റ് മുക്ക് 6.30 കിലോമീറ്റർ റോഡുകൾ 11 മീറ്റർ വീതിയിലും വികസിപ്പിക്കും. നെല്ലിമുക്ക്- മാമൂട്ടിൽ കടവ് (15 മീറ്റർ), എസ്.എൻ കോളേജ്- അമൃതകുളം (11 മീറ്റർ), ഹൈസ്കൂൾ ജംഗ്ഷൻ- കടവൂർ (11 മീറ്റർ) രാമൻകുളങ്ങര- മരുത്തടി, കളക്ടറേറ്റ് - അഞ്ചുകല്ലുംമൂട് തുടങ്ങിയ റോഡുകളും വികസിപ്പിക്കാൻ കേരള റോഡ് ഫണ്ട് ബോർഡിന് നി​ർദ്ദേശം സമർപ്പിച്ചിട്ടുണ്ട്. മൊത്തം 688 കോടിയുടെ നഗര റോഡ് വികസനമാണ് ലക്ഷ്യമിടുന്നത്.

ദേശീയപാത ആറു വരിയാക്കുമ്പോൾ അതനുസരിച്ച് നഗര റോഡുകളും വീതികൂട്ടി വികസിപ്പിക്കണം. നഗരത്തിൽ തകർന്നു കിടക്കുന്ന റോഡുകളുടെ നവീകരണം തുടർച്ചയായ മഴ കാരണമാണ് വൈകുന്നത്. ‌ഞാങ്കടവ് പദ്ധതിക്കായി കുഴിച്ച റോഡുകൾ പഴയ സ്ഥിതിയിലാക്കാൻ 7.7 കോടി പൊതുമരാമത്ത് വകുപ്പിൽ അടച്ചിട്ടുണ്ട്. മഴ കാരണമാണ് ടാറിംഗ് തടസപ്പെട്ടതെന്നും മേയ‌ർ പറഞ്ഞു.

മറ്റ് നിർദ്ദേശങ്ങൾ

 30ന് മുൻപ് നഗരത്തിലെ എല്ലാ തെരുവുവിളക്കുകളും പ്രകാശിപ്പിക്കും

 സ്ഥാപനങ്ങളുടെ ബോർഡുകളിൽ സ്ഥല നാമം രേഖപ്പെടുത്തണം. അല്ലാത്തവ നീക്കം ചെയ്യും

 സ്കൂളുകളോടു ചേർന്നെങ്കിലും തെരുവു നായ്ക്കളെ നിയന്ത്രിക്കണം

 കിളികൊല്ലൂർ സോണിൽ ശുചീകരണ തൊഴിലാളികളെ കൂടുതലായി നിയോഗിക്കണം

 പോളയത്തോട്ടിലെ ഓവർബ്രിഡ്ജ് നിർമ്മാണത്തിൽ ജനപ്രതിനിധികളുടെ അഭിപ്രായം കേൾക്കണം

 അറവ് ശാലയകളിൽ അറക്കുന്ന ആടുമാടുകളുടെ എണ്ണം നിയന്ത്രിക്കണം