deepam

എഴുകോൺ: ജനാധിപത്യമല്ല, മതാധിപത്യമാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്നതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മറ്റ് സമുദായ സംഘടനകൾ വോട്ട് ബാങ്കായി പ്രവർത്തിച്ച് ആനുകൂല്യങ്ങൾ നേടുമ്പോൾ രാജഭരണ കാലത്ത് ലഭിച്ചവയല്ലാതെ പിന്നാക്ക സമുദായങ്ങൾക്ക് പുതുതായി ഒന്നും കിട്ടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എസ്.എൻ.ഡി.പി യോഗം എഴുകോൺ 565-ാം നമ്പർ ശാഖയുടെയും എഴുകോൺ മാടൻകാവ് മഹാദേവർ ക്ഷേത്രത്തിന്റെയും ആഭിമുഖ്യത്തിൽ നടന്ന കുടുംബ സംഗമവും വിദ്യാഭ്യാസ അവാർഡ്, പഠനോപകരണ വിതരണവും ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസത്തിൽ മുന്നേറി എന്നു പറഞ്ഞാലും പിന്നാക്കക്കാർ എന്തു നേടി എന്നു ചോദിച്ചാൽ തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ നേടി എന്നു പറയേണ്ട അവസ്ഥയാണ്. അധികാരം നിലനിറുത്താൻ ആദർശം മറന്ന രാഷ്ട്രീയ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ജാതിഭേദം മതദ്വേഷം, ഏതുമില്ലാതെ സർവരും, സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിതെന്ന് ഗുരു പറഞ്ഞു. ആ സോദരത്വേന ശ്രീനാരായണീയർ മാത്രം പിന്തുടർന്നാൽ പോര, മറ്റ് സമുദായങ്ങളിലെ സഹോദരങ്ങളും ഇതിനൊപ്പം നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശാഖ പ്രസിഡന്റ് വി. മന്മഥൻ അദ്ധ്യക്ഷനായി. സിനിമാതാരം സീമ ജി.നായർ പഠനോപകരണ വിതരണം നിർവഹിച്ചു. കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ കാഷ് അവാർഡും എൻഡോവ്മെന്റും വിതരണം ചെയ്തു. സെക്രട്ടറി അഡ്വ. അരുൾ, വൈസ് പ്രസിഡന്റ് അഡ്വ. എം.എൻ. നടരാജൻ, യൂണിയൻ മുൻ സെക്രട്ടറി ജി. വിശ്വംഭരൻ, എഴുകോൺ ശാഖ സെക്രട്ടറി എസ്. സജീവ്, എസ്.എൻ.ഇ.പി.എഫ് കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് ജെ. അനിൽകുമാർ, മാടൻകാവ് മഹാദേവ ക്ഷേത്രം ട്രഷറർ പ്രസന്ന തമ്പി, ശരത്ചന്ദ്രൻ, അനിൽ ശിവനാമം, പ്രഭ്വിരാജ്, രേണുക പ്രസാദ്, ബീന ശ്രീകുമാർ, രമ ലാലി, മഹിളാമണി, എസ്.ജെ. അനന്തു, എസ്. ശ്രീഹരി, എസ്. അക്ഷര, ആർച്ച ബാബു, വിസ്മയ ശരത്, ഗൗരി കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.

പഠനോപകരണ വിതരണത്തിന് രൂപേഷ് രാജ്, ശശിധരൻ, രഞ്ജിത്ത്, സാബു, അനിൽ, അപ്പു, ഷൈൻ, വിജയ് ശരത്, രമണി, ശിവജി, ബിന്ദു, പ്രബിൻ ഓമന, ലിജി വിമൽ, ആതിര, പ്രേമചന്ദ്രൻ, ദാസ്, വസന്ത, ജഗദ എന്നിവർ നേതൃത്വം നൽകി.

വിവാഹത്തിന് 15,​000 രൂപ ധനസഹായം

ശാഖയുടെ നേതൃത്വത്തിൽ വിവിധ ക്ഷേമപ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ചികിത്സാ സഹായം,​ നിർദ്ധനർക്കുള്ള പഠന സഹായം,​ മരണാനന്തര വീടുകളിൽ സൗജന്യമായി കസേരയും മറ്റ് ചെലവിനായി ഏഴായിരം രൂപയും നൽകിവരുന്നുണ്ട്. വരുന്ന ചിങ്ങം ഒന്ന് മുതൽ കുടുംബ സംഗമ യൂണിറ്റുകളിൽ അംഗങ്ങളായ ഭവനങ്ങളിലെ പെൺകുട്ടികളുടെ വിവാഹത്തിന് പതിനയ്യായിരം രൂപ സംഭാവനയായി നൽകും.