ചാത്തന്നൂർ: നിയോജക മണ്ഡലത്തിൽ 99 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഐക്യമലയാള പ്രസ്ഥാനം ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ പുരസ്കാര വിതരണം 18ന് രാവിലെ 10ന് ചാത്തന്നൂർ ഇസ്വാൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.
ചാത്തന്നൂർ എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള നാലു കുട്ടികളും പാരിപ്പള്ളി അമൃത ഹയർ സെക്കൻഡറി സ്കൂൾ, ആദിച്ചനല്ലൂർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂൾ, കൊട്ടറ ശങ്കരമംഗലം ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് രണ്ട് കുട്ടികൾ വീതവും, പുതക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, നെടുങ്ങോലം ഗവ.ഹയർ സെക്കൻഡറി സ്കൂൾ, ചാത്തന്നൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് ഓരോ കുട്ടികളുമാണ് പുരസ്കാരത്തിന് അർഹരായത്. 1200ൽ 1200 മാർക്ക് വാങ്ങിയ പൂതക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കാഴ്ചപരിമിതിയുള്ള എസ്.പി. സോന ശിവനും ഇതിൽപ്പെടും.
കെ.പി. കേശവമേനോന്റെ 'നാം മുന്നോട്ട് ' അഞ്ചു വാല്യങ്ങളും ജവഹർലാൽ നെഹ്രുവിന്റെ 'ഇന്ത്യയെ കണ്ടെത്തൽ' ഉൾപ്പെടെയുള്ള പുസ്തകങ്ങളും മൊമന്റോയും അടങ്ങുന്നതാണ് സമ്മാനം. സ്റ്റാർ സിംഗർ വിജയി ഋതു കൃഷ്ണനേയും ആദരിക്കും. കവി ബാബു പാക്കനാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഐക്യമലയാള പ്രസ്ഥാനം ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് ജി.ദിവാകരൻ അദ്ധ്യക്ഷത വഹിക്കും. വിശിഷ്ട വ്യക്തികൾക്കൊപ്പം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽമാരും പങ്കെടുക്കുമെന്ന് ഭാരവാഹി മാമ്പള്ളി ജി.ആർ.രഘുനാഥൻ അറിയിച്ചു