
ചടയമംഗലം: എം.സി റോഡിൽ കുരിയോട് ജംഗ്ഷന് സമീപം നിറുത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ച് വൃദ്ധ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ മൂന്നോടെയായിരുന്നു അപകടം.
നിലമേൽ ഭാഗത്തുനിന്ന് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കൊട്ടാരക്കര പുത്തൂർ മാവടി മാരൂർ വീട്ടിൽ (എ.ജി.നിവാസ്) പരേതനായ കെ.എൻ.ഗോപാലന്റെ (റിട്ട.അദ്ധ്യാപകൻ) ഭാര്യ പങ്കജാക്ഷിയാണ് (88) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൾ ജി.ഗീത (56), മരുമകൻ അശോക് ബാബു (56), കൊച്ചുമക്കളായ അഖില (33), ജീവ (23), അർജുൻ (4), നിയ (7) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ. കാർ പൂർണമായും തകർന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പങ്കജാക്ഷിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ചടയമംഗലം പൊലീസ് കേസെടുത്തു. മറ്റ് മക്കൾ: സി.ജി.ശശികുമാർ, സി.ജി.മോഹൻകുമാർ, ജി.ഗംഗ. മറ്റ് മരുമക്കൾ: ജി.ഗീത, അനിതകുമാരി, ആർ.ഷാജി.