k-r-gouri-amma

കെ.ആർ.ഗൗരി അമ്മയുടെ 104-ാം ജന്മദിനം ഇന്ന്

................................

ചരിത്രത്തിലെ സമാനതകളില്ലാത്ത ഐതിഹാസിക സമരാദ്ധ്യായമാണ് കെ.ആർ. ഗൗരി അമ്മ. പിറന്നാൾ ദിനത്തിലെ ഓർമ്മ പുതുക്കലിനപ്പുറം വാർത്തമാനകാല കേരള രാഷ്‌ട്രീയത്തിൽ അനേകം ചോദ്യങ്ങളായി നിരന്തരം നിറയുന്നു ഗൗരി അമ്മ. ജീവിതത്തിന്റെ ശോഭനമായ നാലുപതിറ്റാണ്ടുകൾ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കൊപ്പം സഞ്ചരിച്ച്, യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരിയായി ജീവിച്ച്, ഒടുവിൽ പുറത്താക്കപ്പെട്ട്, പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് മടങ്ങിയതാണ് ജീവചരിത്രം. സ്വന്തം പ്രത്യയശാസ്ത്രം നെഞ്ചോടുചേർത്തുപിടിച്ച് ഗൗരിഅമ്മ അനുഭവിച്ച അതിതീക്ഷ്ണമായ യാതനകൾ ഇന്നത്തെ ചില കമ്മ്യൂണിസ്റ്റ് വിപരീത സഞ്ചാരങ്ങളുമായി ഏറ്റുമുട്ടുന്നുണ്ട്.

2021ൽ ഒന്നാം പിണറായി സർക്കാർ ചരിത്രം തിരുത്തി തുടർഭരണം നേടിയപ്പോൾ കമ്മ്യൂണിസം ശക്തിപ്രാപിച്ചെന്ന വാദം എങ്ങും ഉയർന്നില്ല. ഗൗരിഅമ്മയുടെ രാഷ്ട്രീയം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് താങ്ങുംതണലുമായിരുന്ന കാലത്തും, ഇ.എം.എസ്, നായനാർ, വി.എസ്.എന്നിവരുടെ നേതൃത്വത്തിൽ മുൻകാലങ്ങളിൽ മന്ത്രിസഭകളുണ്ടായിരുന്നിട്ടും ഇത്തരമൊരു ഭരണത്തുടർച്ച സംസ്ഥാനത്ത് എന്തുകൊണ്ട് ഉണ്ടായില്ല? ചരിത്രത്തിലാദ്യമായി ഇടതുപക്ഷത്തിന്റെ ഭരണത്തുടർച്ച പിണറായിയുടെ പുത്തൻസിദ്ധാന്തം ഇടതുപക്ഷവിരുദ്ധവും, ജനാധിപത്യവിരുദ്ധവുമാണെന്ന് മനസ്സിലാക്കാൻ കമ്മ്യൂണിസ്റ്റ് സിദ്ധാന്തം മാത്രം പഠിച്ചാൽ മതി. ഗൗരി അമ്മയ്ക്ക് മുൻപും ശേഷവും പ്രസ്ഥാനത്തിന്റെ വഴിയിൽ സഞ്ചരിച്ചവർ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾക്ക് നേരെ മുഖംതിരിച്ചവരുടെ വിജയമാണോ ഇത് ? കേരളത്തിന്റെ ഭാവിയാണ് അതിനുത്തരം നൽകേണ്ടത്.
1994ൽ ഗൗരിഅമ്മ പാർട്ടി നടപടിക്ക് വിധേയമായപ്പോൾ ഉണ്ടായ പൊതുവികാരത്തിന്റെ ഭാഗമായാണ് ഈ ലേഖകൻ ഗൗരിയമ്മയ്‌ക്കൊപ്പം ചേർന്നത്. സമാനതകളില്ലാത്ത രാഷ്ട്രീയ വ്യക്തിത്വത്തിന്റെയും കളങ്കമില്ലാത്ത പൊതുപ്രവർത്തനത്തിന്റെയും മാതൃകയായിരുന്ന ഗൗരിഅമ്മ വ്യക്തിപരമായി സ്വാധീനിച്ചതു കൊണ്ടാണ് അവർക്കൊപ്പം ചേർന്നത്.

ആലപ്പുഴയിലെ പട്ടണക്കാട്ടുള്ള പുരാതന സമ്പന്ന ഈഴവകുടുംബത്തിൽ 1918 മിഥുനമാസത്തിലെ തിരുവോണം നക്ഷത്രത്തിലാണ് ഗൗരിഅമ്മ ജനിച്ചത്. ബിരുദപഠനത്തിന് ശേഷം ക്വിറ്റ് ഇന്ത്യ സമരനാളുകളിൽ തിരുവനന്തപുരം ലോ കോളേജിൽ നിയമ വിദ്യാർത്ഥി. തുടർന്ന് ചേർത്തല കോടതിയിൽ അഭിഭാഷക. ഇതിനിടയിലാണ് പുന്നപ്ര വയലാറിൽ നിന്ന് രാഷ്ട്രീയ പ്രവേശനം. തുടർന്ന് ജന്മിത്വ - നാടുവാഴി വ്യവസ്ഥകൾക്കെതിരായ പോരാട്ടങ്ങളിലെ ഇടിമുഴക്കമായി മാറി ഗൗരി അമ്മ.


1952 ൽ തിരു-കൊച്ചി നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയാക്കിയത് ഗൗരിഅമ്മയെയാണ്. അന്നു നേടിയ വൻ ഭൂരിപക്ഷം 1954 ലെ തിരഞ്ഞെടുപ്പിലും ആവർത്തിച്ചു. ഐക്യകേരള രൂപീകരണശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ചേർത്തല മണ്ഡലത്തിൽ മറ്റൊരു പേരും പാർട്ടിയ്ക്ക് നിർദ്ദേശിക്കാനില്ലായിരുന്നു. തുടർന്ന് വൻഭൂരിപക്ഷത്തിൽ ഗൗരിഅമ്മ പലവട്ടം നിയമസഭയിലെത്തി. സംഭവബഹുലവും, ചരിത്രത്തിന്റെ ഭാഗവുമായ 16345 ദിവസത്തെ നിയമസഭാ പ്രവർത്തനത്തിലൂടെ കേരളം കണ്ട ഏറ്റവും പ്രഗത്ഭയായ ഭരണാധികാരിയും നിയമസഭാ സാമാജികയുമായി. കേരള മന്ത്രിസഭയിൽ 1957, 67, 80, 87, 2001 വർഷങ്ങളിൽ മന്ത്രിയായി.


കേരള രാഷ്ട്രീയം വിറങ്ങലിച്ചുനിന്ന ദിനമാണ് 1994 ജനുവരി ഒന്ന്. താൻ കൂടി പടുത്തുയർത്തിയ പാർട്ടിയിൽ നിന്നും ഗൗരിഅമ്മ പുറത്താക്കപ്പപ്പെട്ട ദിനം. ഈ വിവരമറിഞ്ഞ് കേരളം ഞെട്ടി. പതിറ്റാണ്ടിലേറെ പഴക്കമുള്ള അംഗത്വം പാർട്ടി തിരിച്ചെടുക്കുമ്പോൾ ഗൗരിഅമ്മക്ക് പ്രായം 75. ആ പ്രായത്തിൽ ഒരു രാഷ്ട്രീയ പുനർജന്മം സ്വപ്നം കാണാൻപോലും പല‌ർക്കും കഴിയില്ല. എന്നാൽ വിധി തിരുത്തി ഗൗരിഅമ്മ പുതിയ രാഷ്ട്രീയ മാതൃകയായി. പാർട്ടിയിൽനിന്നും പുറത്തായ ഗൗരിഅമ്മയ്‌ക്ക് രാഷ്ട്രീയ കേരളം നൽകിയ വരവേൽപ്പിന് സമാനതകളില്ല. കേരളത്തിലെമ്പാടും ജനം വമ്പിച്ച സ്വീകരണമൊരുക്കി. പാർട്ടിയിൽ നിന്നും മറ്റ് പാർട്ടികളിൽ നിന്നും, പ്രത്യേകിച്ച് രാഷ്ട്രീയമില്ലാതിരുന്നവരിൽ നിന്നും അടക്കം ലക്ഷങ്ങൾ ഗൗരിഅമ്മയ്ക്കൊപ്പം ചേർന്നു.

രാഷ്ട്രീയം അവസാനിപ്പിക്കാൻ ഗൗരിഅമ്മയ്ക്കും അവരെ കൈവിടാൻ കേരള ജനതയ്ക്കും കഴിഞ്ഞില്ല. അണികളുടെയും ആരാധകരുടെയും ആ കൂട്ടായ്മയാണ് 1994 മാർച്ച് 20ന് ആലപ്പുഴയിൽ ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) ക്ക് രൂപം നൽകിയത്. അങ്ങനെ അരനൂറ്റാണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും, മൂന്ന് പതിറ്റാണ്ട് ജെ.എസ്.എസ് സ്ഥാപകയും ആയി ഗൗരിഅമ്മ കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു. പാർട്ടിയിൽനിന്നും പുറത്താക്കപ്പെട്ടപ്പോൾ രാഷ്ട്രീയ കേരളം നല്കിയ ഹൃദയപിന്തുണ ഗൗരിഅമ്മയെ യു.ഡി.എഫിലെത്തിച്ചു. തുടർന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജെ.എസ്.എസ് അഞ്ച് സീറ്റുകളിൽ മത്സരിച്ചു. നാലുപേർ വിജയിച്ചു. ഗൗരിഅമ്മ യു.ഡി.എഫ് മന്ത്രിസഭയിൽ അംഗമായി.

സമൂഹ്യനീതിയുടെ രാഷ്ട്രീയം ഉയർത്തി പിടിച്ച ജെ.എസ്.എസിനും ഗൗരിഅമ്മയ്ക്കും യു.ഡി.എഫിന്റെ പിന്തുണയും, യു.ഡി.എഫിന് ജെ.എസ്.എസിന്റെയും ഗൗരിഅമ്മയുടെയും പിന്തുണയും കേരള രാഷ്ട്രീയത്തിൽ അനിവാര്യമാണ്. അതൊരു രാഷ്ട്രീയ സമവാക്യമായി മാറിയതിന്റെ തെളിവാണ് ജെ.എസ്.എസ് ഇപ്പോൾ വീണ്ടും യു.ഡി.എഫ് ഘടകകക്ഷിയായത്. സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തിലൂടെ മാത്രമേ പതിറ്റാണ്ടുകളായി പാർശ്വവത്‌കരിക്കപ്പെട്ട ആദിവാസി, ദളിത്, പിന്നാക്ക വിഭാഗങ്ങൾക്ക് നീതി ലഭിക്കൂ. ജാതി രാഷ്ട്രീയം കേരളത്തിന്റെ ഭരണവ്യവസ്ഥയിൽ എല്ലാക്കാലത്തും സ്വാധീനം ചെലുത്തിയിട്ടുണ്ട്. ജാതി രാഷ്ട്രീയം തകർത്തുകൊണ്ടാണ് യഥാർത്ഥ ജനാധിപത്യ വ്യവസ്ഥിതിയുടെ അരങ്ങേറ്റം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ഇതിന് വളക്കൂറായത് ശ്രീനാരായണ ഗുരുവിന്റെ മാനവിക ദർശനമാണ്. ഗൗരിഅമ്മയെയും അവരുടെ രാഷ്ട്രീയത്തെയും വിസ്മരിച്ചുകൊണ്ട് കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ സാഹചര്യങ്ങളെ വിലയിരുത്താനുള്ള ഇടതുപക്ഷ രാഷ്ട്രീയ ശ്രമങ്ങൾ യാഥാർത്ഥ്യമാവില്ല.

( ജെ.എസ്.എസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റാണ് ലേഖകൻ )