വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ നടപടിയില്ല
കൊല്ലം: നഗരത്തിൽ വഴിയോര കച്ചവടക്കാരും വ്യാപാര സ്ഥാപനങ്ങളും നടപ്പാതകൾ കൈയേറിയതോടെ കാൽനട യാത്ര ദുഷ്കരമായി. വഴിയോര കച്ചവടക്കാർക്കായി സ്ട്രീറ്റ് ട്രേഡ് സോൺ വേർതിരിച്ചു നൽകാമെന്ന കോർപ്പറേഷന്റെ വാക്ക് പാഴായതോടെയാണ് നഗരത്തിൽ തെരുവു കച്ചവടം വ്യാപകമായത്.
ട്രേഡ് സോണിനായി നഗരത്തിലെ വിവിഎ സ്ഥലങ്ങൾ കണ്ടെത്തിയെങ്കിലും തീരുമാനമായില്ല. പ്രത്യേകമായി ഒരു മേഖല തിരിച്ച് വഴിയോര കച്ചവടം അവിടേക്ക് മാറ്റിയാൽ ജനങ്ങൾക്ക് സൗകര്യമായി എത്താനുള്ള വഴിയൊരുങ്ങും. ഗതാഗത തടസം ഒഴിവാകുകയും ചെയ്യും. നിരവധി പേരാണ് ദിവസവും പുതുതായി വഴിയോര കച്ചവടം ആരംഭിക്കുന്നത്. പച്ചക്കറി, പഴങ്ങൾ, തുണിത്തരങ്ങൾ എന്നിവയാണ് പ്രധാന കച്ചവടം. ഓണമെത്തുന്നതോടെ തെരുവു കച്ചവടക്കാർ നഗരം കൈയടക്കും. ഇതോടെ ഗതാഗതക്കുരുക്കും രൂക്ഷമാകും.
നഗരത്തിൽ ഏറ്റവും കൂടുതൽ വഴിയോര കച്ചവടക്കാർ കേന്ദ്രീകരിച്ചിട്ടുളളത് ചിന്നക്കടയിലും സമീപ സ്ഥലങ്ങളിലുമാണ്. വഴിയോര കച്ചവടം നിയന്ത്രിക്കാൻ കർശന നടപടി വേണമെന്ന് കഴിഞ്ഞ ദിവസം നടന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ നിർദേശമുണ്ടായിരുന്നു. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തുന്നുവെന്നായിരുന്നു വിമർശനം.
1. എസ്.എം.പി പാലസ് റോഡിൽ പുതുതായി നിർമ്മിച്ച നടപ്പാതയിൽ യാത്രാതടസം
2. ബോർഡുകളും വ്യാപാര സ്ഥാപനങ്ങളിലെ സാധനങ്ങളും കാൽനട യാത്ര മുടക്കുന്നു
3. വൈകുന്നേരമായാൽ തട്ടുകടക്കാർ പാത കൈയേറും
4. ചിന്നക്കട - കൊച്ചുപിലാംമൂട് പാതയിലും നടപ്പാതയിൽ തടസങ്ങൾ
5. ഓടയുടെ മുകളിൽ പാകിയിരുന്ന ടൈലുകൾ ഇളകിക്കിടക്കുന്നതിനാൽ അപകട സാദ്ധ്യത
6. റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി, ഹൈസ്കൂൾ ജംഗ്ഷൻ റോഡുകളിലും മാർഗതടസം
................................
വഴിയോര കച്ചവടത്തിന് കോർപ്പറേഷൻ പ്രത്യേക സ്ഥലം നിശ്ചയിച്ചു നൽകിയെങ്കിൽ മാത്രമേ
പ്രശ്നത്തിന് പരിഹാരമുണ്ടാവൂ
വഴിയോര കച്ചവടക്കാർ