കരുനാഗപ്പള്ളി : കെ.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എല്ലാ ഉപജില്ലകളിലും പ്ലസ് വൺ ഏകജാലക സഹായ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്ക്കൂളിൽ കരുനാഗപ്പള്ളി നഗരസഭാചെയർമാൻ കോട്ടയിൽ രാജു നിർവ്വഹിച്ചു. ജില്ല എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കെ.രാജീവ് അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സർ എൽ.ശ്രീലത, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.പി. മീന, കെ.എസ്.ടി.എ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം എസ്.സബിത, സംസ്ഥാനക്കമ്മിറ്റി അംഗം എം.എസ്.ഷിബു, പ്രിൻസിപ്പൽ വീണാറാണി, ജില്ലാ എക്സി. അംഗം എൽ.എസ്. ജയകുമാർ, എം.സുജ എന്നിവർ സംസാരിച്ചു.
ഏകജാലക അപേക്ഷയിൽ ഓപ്ഷനുകൾ നൽകുന്നതിലെ അപാകതകൾ പരിഹരിക്കുന്നതിനും കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിനും ഉപരിപഠന സാദ്ധ്യതകൾ അറിയുന്നതിനുമുള്ള നിർദ്ദേശങ്ങൾ സഹായക കേന്ദ്രത്തിൽ ലഭിക്കും.